ഭൂമിയിലെ ഏറ്റവും സാന്ദ്രത കുറവുള്ള ഖരവസ്തുവായ എയ്‌റോ ജെല്ലിന് ഒരു യൂണിറ്റിന് വില നാല്‍പ്പത് കോടി
ഭൂമിയെന്ന നമ്മുടെ ഗോളത്തെക്കുറിച്ച് എത്ര പറഞ്ഞാലും എപ്പോ പറഞ്ഞാലും ആര്‍ക്കും മതിയാവണമെന്നില്ല. ആധുനികരായ നമുക്ക് അതിനൊന്നും നേരം മിച്ചമില്ലെന്നു മാത്രം. അനേകം അത്ഭുതകരമായ വസ്തുക്കള്‍ ഉള്‍ച്ചേര്‍ന്നതാണ് നാം ജീവിക്കുന്ന നമ്മുടെ ഈ അണ്ഡകടാഹം. പ്രകൃതിയിലെ പലതിന്റെയും അകംപൊരുള്‍ ഇനിയും വെളിപ്പെടേണ്ടതുണ്ട്.
എയ്റോ ജെല്ലുകളെന്ന വസ്തുവും ഇത്തരം ഒരു പ്രഹേളികപോലുള്ള ഒന്നാണ്. പലരും ആദ്യമായി കേള്‍ക്കുന്നതുമാവാം ഈ വസ്തുവിനെക്കുറിച്ച്. എയ്‌റോ ജെല്ലെന്നാല്‍ ഭൂമിയിലെ ഏറ്റവും സാന്ദ്രത കുറവുള്ള ഖരവസ്തുവാണ്. 0.2% മാത്രമാണ് ഇതില്‍ യഥാര്‍ത്ഥ വസ്തു. ബാക്കി 99.8% വാതകമാണ്. അതിനാല്‍തന്നെയാണ് ഇതിനെ മേഘക്കെട്ടെന്ന് ചില ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. പേരില്‍ വായവും ജെല്ലും ഉള്ളതുകൊണ്ട് ഇവ രണ്ടും ചേര്‍ന്ന എന്തോ ആണെന്ന് ഊഹിച്ചേക്കാം പലരും.
വളരെ കുറഞ്ഞ താപ ചാലകതയുള്ള ഖരവസ്തുവെന്ന പ്രത്യേകതയും ഇതിന് അവകാശപ്പെട്ടതാണ്. സൂപ്പര്‍ക്രിട്ടിക്കല്‍ ഡ്രൈയിംഗ് അല്ലെങ്കില്‍ ഫ്രീസ്-ഡ്രൈയിംഗ് വഴി ഒരു ജെല്ലിന്റെ ദ്രാവക ഘടകം വേര്‍തിരിച്ചെടുത്താണ് എയറോജലുകള്‍ നിര്‍മ്മിക്കുന്നത്. പരമ്പരാഗത ബാഷ്പീകരണത്തില്‍ സംഭവിക്കുന്നതുപോലെ, കാപ്പിലറി പ്രവര്‍ത്തനത്തില്‍ നിന്ന് ജെല്ലിലെ സോളിഡ് മാട്രിക്സ് തകരാന്‍ ഇടയാക്കാതെ, ദ്രാവകം സാവധാനം ഉണങ്ങാന്‍ ഇത് അനുവദിക്കുന്നു. കാഴ്ചക്കുള്ള മൃദുത്വമൊന്നും ഇവന്റെ സ്വഭാവത്തില്‍ പ്രതീക്ഷിക്കരുത്. ആള്‍ വളരെ ടഫാണ്.
സ്വന്തം ഭാരത്തിന്റെ നാലായിരം ഇരട്ടിവരെ ഇതിനു പൊട്ടിപോകാതെ താങ്ങാന്‍ കഴിയും. തെര്‍മല്‍ ഇന്‍സുലേറ്ററും കൂടിയാണ് ഈ എയ്റോ ജെല്‍ ഒരു മീറ്റര്‍ നീളവും അത്രതന്നെ വീതിയും ഉയരവുമുള്ള ഒരു ക്യൂബ് ഇതുകൊണ്ട് ഉണ്ടാക്കിയെന്നിരിക്കട്ടെ. ഭാരം വെറും 160 ഗ്രാം മാത്രമായിരിക്കും.പല ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാമെങ്കിലും നിത്യജീവിതത്തില്‍ പ്രായോഗിക വിലയല്ല. മുകളില്‍ പറഞ്ഞ ഒരു മീറ്റര്‍ ക്യൂബിന് നാല്‍പ്പത് കോടി രൂപ വരും. ഹൈഗ്രോസ്‌കോപ്പിക് സ്വഭാവം കാരണം എയര്‍ജെല്‍ വരണ്ടതായി അനുഭവപ്പെടുകയും ശക്തമായ ഡെസിക്കന്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
- സിലിക്ക ജെല്ലുകളില്‍ നിന്നാണ് ആദ്യത്തെ എയറോജല്ലുകള്‍ നിര്‍മ്മിച്ചത്. 1980കളുടെ അവസാനത്തിലാണ് കാര്‍ബണ്‍ എയറോജല്ലുകള്‍ ആദ്യമായി ഗവേഷകര്‍ വികസിപ്പിച്ചെടുത്തത്. ഇരുണ്ട പശ്ചാത്തലത്തില്‍ പുക നീല നിറത്തിലും തിളക്കമുള്ള പശ്ചാത്തലത്തില്‍ മഞ്ഞനിറത്തിലുമാണ് ഇവ ദൃശ്യമാകുക. ദീര്‍ഘനേരം എയര്‍ജെല്‍ കൈകാര്യം ചെയ്യുന്ന ആളുകള്‍ അവരുടെ കയ്യുറകള്‍ ധരിച്ചില്ലെങ്കില്‍ പണികിട്ടുമെന്നാണ് മുന്നറിയിപ്പ്.