National

വോട്ട് മോഷണ ആരോപണങ്ങൾ തെളിയിക്കുന്ന സത്യവാങ്മൂലം 7 ദിവസത്തിനകം സമർപ്പിക്കണം; അല്ലെങ്കിൽ ആരോപണങ്ങൾ അസാധുവാകും: രാഹുൽ ഗാന്ധിയോട് തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ‘വോട്ട് മോഷണ’ ആരോപണങ്ങൾക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ രൂക്ഷമായി പ്രതികരിച്ചു. ആരോപണങ്ങൾ ശരിയാണെന്ന് തെളിയിക്കുന്ന സത്യവാങ്മൂലം ഒരാഴ്ചക്കകം സമർപ്പിക്കണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം, ഈ ആരോപണങ്ങൾ അടിസ്ഥാനരഹിതമായി കണക്കാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ജനാധിപത്യ സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുന്ന ഇത്തരം വാക്കുകൾ ഉപയോഗിക്കുന്നത് ഭരണഘടനയോടുള്ള അനാദരവാണെന്നും കമ്മീഷൻ കുറ്റപ്പെടുത്തി. ‘വോട്ട് മോഷണം’, ‘ഇരട്ട വോട്ട്’ തുടങ്ങിയ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൂണ്ടിക്കാട്ടിയ കമ്മീഷൻ, ആരോപണങ്ങൾ തെളിയിക്കുന്ന രേഖകളോ പരാതികളോ ഹാജരാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിച്ചില്ലെന്നും അറിയിച്ചു.

ഏകദേശം ഒരു കോടി ഉദ്യോഗസ്ഥരും 20 ലക്ഷത്തിലധികം പോളിംഗ് ഏജന്റുമാരും ചേർന്ന് പ്രവർത്തിച്ച ഒരു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ വോട്ട് മോഷ്ടിക്കുക എന്നത് അസാധ്യമാണെന്നും കമ്മീഷൻ പറഞ്ഞു. ഈ വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിച്ചില്ലെങ്കിൽ രാഹുൽ ഗാന്ധി രാജ്യത്തോട് മാപ്പ് പറയണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

‘വോട്ട് മോഷണ’ ആരോപണങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതും, വോട്ടർമാരുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. തങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, തങ്ങളുടെ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും, തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണത്തെ ചോദ്യം ചെയ്ത് മുന്നോട്ട് പോകുമെന്നും കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.

 

Related Articles

Back to top button
error: Content is protected !!