നല്ലേപ്പിള്ളിക്ക് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം; പുൽക്കൂട് തകർത്ത നിലയിൽ
പാലക്കാട് : നല്ലേപ്പിള്ളി ഗവ. യുപി സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ ഭീഷിണിയുണ്ടായതിന് പിന്നാലെ പാലക്കാട് മറ്റൊരു സ്കൂളിലെ ക്രിസ്മസ് ആഘോഷത്തിന് നേരെ അതിക്രമം. ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂട് തകർത്ത നിലയിൽ കണ്ടെത്തി. പാലക്കാട് തത്തമംഗലം ജിബിയുപി സ്കൂളിൽ സ്ഥാപിച്ച പുൽക്കൂടാണ് തകർത്തത്. ഡിസംബർ 20-ാം തീയതി വെള്ളിയാഴ്ച ക്രിസ്മസ് ആഘോഷത്തിനായി സ്ഥാപിച്ച പുൽക്കൂടായിരുന്നു സാമൂഹികവിരുദ്ധർ നശിപ്പിച്ചത്.
രണ്ട് ദിവസത്തെ അവധിക്ക് ശേഷം ഇന്ന് ഡിസംബർ 23-ാം തീയതി അധ്യാപകർ സ്കൂളിലെത്തിയപ്പോഴാണ് പുൽക്കൂട് സാമൂഹികവിരുദ്ധർ തകർത്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സ്കൂൾ അതികൃതർ പോലീസിന് പരാതി നൽകി. പാലക്കാട് നല്ലേപ്പിള്ളിയിൽ ഗവ. യൂപി സ്കൂളിൽ ക്രിസ്മസ് ആഘോഷം നടത്തിയതിന് ഭീഷിണി ഉയത്തിയ മൂന്ന് വി.എച്ച്.പി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഈ സംഭവം നടക്കുന്നത് എന്നതാണ ശ്രദ്ധേയം.