National

അവര്‍ ഹനുമാന്റെ പിന്‍ഗാമികള്‍; അയോധ്യയിലെ കുരങ്ങന്മാര്‍ക്ക് ഭക്ഷണത്തിനായി ഒരു കോടി നല്‍കി അക്ഷയ്കുമാര്‍

സോഷ്യല്‍ മീഡയയില്‍ ട്രോളും പൂമാലയും

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിന് ചുറ്റുമുള്ള കുരങ്ങന്മാര്‍ക്ക് ഭക്ഷണം കൊടുക്കാനായി ഒരു കോടി രൂപ സംഭാവന നല്‍കി ബോളിവുഡ് നടനും ബി ജെ പി അനുഭാവിയുമായ അക്ഷയ് കുമാര്‍. ശ്രീരാമന്റെ പ്രീതിക്കായി ഹനുമാന്റെ പിന്‍ഗാമികളായ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കാനാണ് ഈ പണം നല്‍കുന്നതെന്ന് ബന്ധപ്പെട്ടവരോട് അക്ഷയ്കുമാര്‍ പറഞ്ഞുവെന്നാണ് ടൈംസ് നൗ റിപോര്‍ട്ട് ചെയ്യുന്നത്.

വാര്‍ത്ത പുറത്തുവന്നതോടെ അക്ഷയ്കുമാറിന് സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ പെരുമഴയാണ് വരുന്നത്. എന്നാല്‍, സംഘ്പരിവാര്‍ സംഘടനകളില്‍ പെട്ടവരും മറ്റും അക്ഷയ്കുമാറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ശ്രീരാമന്റെ അനുഗ്രഹം തേടാനും ഇന്ത്യന്‍ സംസ്‌കാരത്തിലും പുരാണങ്ങളിലും വളരെ പ്രാധാന്യമുള്ള മൃഗങ്ങളെ സംരക്ഷിക്കാനുമാണ് താരം പണം സംഭാവന ചെയ്തത്.

ആഞ്ജനേയ സേവാ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുന്നത്. ട്രസ്റ്റിന്റെ നേതാവായ ജഗത്ഗുരു സ്വാമി രാഘവാചാര്യ ജി മഹാരാജ് എന്നിവര്‍ കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കുകയെന്ന ശ്രേഷ്ഠമായ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കാന്‍ അക്ഷയ്യോട് ആവശ്യപ്പെടുകയും നടന്‍ ഉടന്‍ സമ്മതിക്കുകയും ചെയ്തുവെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

മാതാപിതാക്കളായ ഹരി ഓം ഭാട്ടിയ, അരുണ ഭാട്ടിയ, ഭാര്യാപിതാവ് രാജേഷ് ഖന്ന എന്നിവരുടെ പേരില്‍ വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷയ് സജീവമായി സംഭാവന നല്‍കുന്നുണ്ടെന്നും ട്രസ്റ്റിലെ ഒരു അംഗം പരാമര്‍ശിച്ചു.

ഹനുമാന്റെ വീര സൈന്യത്തിന്റെ പിന്‍ഗാമികളായാണ് അയോധ്യയിലെ വാനരന്‍മാരെ കണക്കാക്കുന്നത്. രാവണനെതിരായ ശ്രീരാമന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചവരാണ് ഇവിടുത്തെ വാനരന്‍മാരെന്നാണ് വിശ്വാസം.
ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ കഴിച്ചതിന്ശേഷം ഉപേക്ഷിച്ച ഭക്ഷണാവശിഷ്ടങ്ങളാണ് ഈ വാനരക്കൂട്ടത്തിന്റെ ഇപ്പോഴത്തെ ഭക്ഷണം. ഈ പശ്ചാത്തലത്തിലാണ് കുരങ്ങുകളെ ഭക്ഷണം നല്‍കി സംരക്ഷിക്കാമെന്ന് അക്ഷയ് കുമാര്‍ ആഞ്ജനേയ സേവാ ട്രസ്റ്റിനെ അറിയിച്ചത്.

എന്നാല്‍ സംഭാവനയുമായി ബന്ധപ്പെട്ട് അക്ഷയ്കുമാര്‍ ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

Related Articles

Back to top button