യുവനേതാവിനെതിരായ ആരോപണം: വിഡി സതീശൻ ക്രിമിനൽ കുറ്റത്തിന് കൂട്ടുനിന്നുവെന്ന് വികെ സനോജ്

യൂത്ത് കോൺഗ്രസ് നേതാവിനെതിരെയുള്ള വെളിപ്പെടുത്തലിൽ പ്രതികരണവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. ഉയർന്ന് വരുന്ന വിഷയം അതീവ ഗുരുതരമാണ്. പരാതി ഉന്നയിച്ച പെൺകുട്ടിക്ക് നേരെ സൈബറാക്രമണം നടക്കുന്നതും സനോജ് ചൂണ്ടിക്കാട്ടി.
എല്ലാ കാര്യങ്ങളും വിഡി സതീശനോട് പറഞ്ഞിട്ടുണ്ടെന്നാണ് പെൺകുട്ടി വ്യക്തമാക്കിയത്. ആ കാര്യങ്ങൾ ഒന്നുകിൽ സതീശൻ പോലീസിന് കൈമാറണം. വേട്ടക്കാരനെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ആവശ്യമായ സമീപനം സ്വീകരിക്കണം. അതുമായി ബന്ധപ്പെട്ട പ്രതികരണം അദ്ദേഹം നടത്തുകയും വേണം.
സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നു. വിഡി സതീശൻ ക്രിമിനൽ കുറ്റത്തിന് കൂട്ടുനിൽക്കുകയാണ് ചെയ്തത്. ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായി നിൽക്കുന്ന ഒരാൾ കുറ്റകൃത്യം മറച്ചുവെച്ചു എന്ന് മാത്രമല്ല, വേട്ടക്കാരന് കൂടുതൽ അംഗീകാരങ്ങൾ കൊടുത്ത് പല സ്ഥാനങ്ങളിലും ഇരുത്തിയെന്ന് ആ പെൺകുട്ടി തന്നെ പറഞ്ഞു. ഇതുകൊണ്ട് ആദ്യം പ്രതികരണം ചോദിക്കേണ്ടത് വിഡി സതീശനോടാണ് എന്നും സനോജ് പറഞ്ഞു.