അമേരിക്ക തകരും, എല്ലാം നശിക്കും: തീരുവക്കെതിരായ കോടതി വിധിയിൽ രോഷാകുലനായി ട്രംപ്

പുതുതായി ഏർപ്പെടുത്തിയ നികുതികളിൽ ഭൂരിഭാഗവും നിയമവിരുദ്ധമാണെന്ന് ഫെഡറൽ അപ്പീൽ കോടതി വിധിക്ക് പിന്നാലെ രോഷാകുലനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. താൻ ഏർപ്പെടുത്തിയ താരിഫുകൾ ഇല്ലെങ്കിൽ അമേരിക്ക പൂർണമായും നശിക്കുമെന്ന് ട്രംപ് പറഞ്ഞു. നികുതികളും അതിലൂടെ ഇതിനകം സമാഹരിച്ച ട്രില്യൺ കണക്കിന് ഡോളറുകളും അല്ലെങ്കിൽ രാജ്യം തന്നെ പൂർണമായും നശിപ്പിക്കപ്പെടും. സൈനിക ശക്തി തുടച്ചുനീക്കപ്പെടും എന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു
വിധി പറഞ്ഞ ജഡ്ജിംഗ് പാനലിലെ ഭൂരിപക്ഷം വരുന്ന ജഡ്ജിമാരും തീവ്ര ഇടതുപക്ഷ സംഘമാണെന്നും ട്രംപ് ആരോപിച്ചു. ഭൂരിപക്ഷ വിധിയോട് ഭിന്നവിധി എഴുതിയ ജഡ്ജിയെ അഭിനന്ദിക്കാനും ട്രംപ് മടിച്ചില്ല. അദ്ദേഹം അമേരിക്കയെ സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ട് എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
എല്ലാ ഇറക്കുമതികളിലും വ്യാപകവും അനിശ്ചിതവുമായ നികുതികൾ ഏർപ്പെടുത്താൻ ട്രംപിന് അധികാരമില്ലെന്നാണ് ഫെഡറൽ അപ്പീൽ കോടതി വിധിച്ചത്. നികുതികൾ റദ്ദാക്കിയെങ്കിലും സുപ്രീം കോടതിയെ സമീപിക്കാൻ ട്രംപിന് സമയം നൽകിയിട്ടുണ്ട്.