Kerala

അമ്മുവിന്റെ മരണം: സഹപാഠികളുടെയും അധ്യാപകരുടെയും മൊഴിയെടുക്കും

പത്തനംതിട്ട ചുട്ടിപ്പാറയിൽ നഴ്‌സിംഗ് വിദ്യാർഥിനി അമ്മു എസ് സജീവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളുടെയും അധ്യാപകരുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും. ചുട്ടിപ്പാറ സ്‌കൂൾ ഓഫ് മെഡിക്കൽ എഡ്യൂക്കേഷനിലെ വിദ്യാർഥിനിയായിരുന്ന അമ്മു എന്ന 22കാരി വെള്ളിയാഴ്ചയാണ് സ്വകാര്യ വനിതാ ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചത്.

തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. അമ്മുവിന്റെ മരണത്തിൽ കുടുംബം ദുരൂഹത ആരോപിച്ചിരുന്നു. സഹപാഠികളിൽ നിന്ന് മാനസിക പീഡനമുണ്ടായെന്ന് സഹോദരൻ പറഞ്ഞു. റാഗിങും വ്യക്തിഹത്യയും സ്ഥിരമായി നേരിട്ടിരുന്നതായും അമ്മുവിന്റെ മുറിയിൽ സഹപാഠികൾ അതിക്രമിച്ച് കടക്കാൻ ശ്രമിച്ചുവെന്നും കുടുംബം ആരോപിക്കുന്നു. അധ്യാപകരും ഇതിന് കൂട്ടുനിന്നുവെന്നും ആരോപണമുണ്ട്.

അമ്മു ടൂർ കോർഡിനേറ്ററായത് മുതലാണ് പ്രശ്‌നങ്ങൾ തുടങ്ങിയതെന്നാണ് പെൺകുട്ടിയുടെ അമ്മ ആരോപിക്കുന്നത്. ടൂറിന് പോകുന്നില്ല എന്ന് തീരുമാനിച്ചിരുന്നതാണ്. പ്രശ്‌നങ്ങളെ പറ്റി കോളേജ് അധികൃതർക്ക് പരാതി നൽകിയിരുന്നു. ലോഗ് ബുക്ക് കാണാതെ പോയതിൽ അമ്മുവിനെ കുറ്റപ്പെടുത്തി. അനുവാദം ഇല്ലാതെ മുറിൽ കയറി പരിശോധന നടത്തിയെന്നും ഇതിൽ വലിയ മാനസിക ബുദ്ധിമുട്ടുണ്ടെന്നും അമ്മു പറഞ്ഞിരുന്നുവെന്നും അമ്മ പറഞ്ഞു.

ഒരാഴ്ചമുമ്പ് സഹപാഠികളിൽനിന്ന് മാനസിക പീഡനം നേരിടുന്നുവെന്നാരോപിച്ച് അമ്മുവിന്റെ അച്ഛൻ സജീവ് കോളേജ് പ്രിൻസിപ്പലിന് ഇ-മെയിലിലൂടെ പരാതി നൽകിയിരുന്നു. ഇതനുസരിച്ച് മൂന്ന് സഹപാഠികൾക്ക് മെമ്മോ നൽകുകയും അവരിൽ നിന്ന് വിശദീകരണം തേടുകയും ചെയ്തിരുന്നു.

അന്വേഷണത്തിന് അധ്യാപകസമിതിയെ നിയമിച്ചിരുന്നു. പരാതിക്കാരനോടും ആരോപണവിധേയരായ വിദ്യാർഥികളുടെ രക്ഷിതാക്കളോടും ബുധനാഴ്ച കോളേജിൽ എത്തണമെന്ന് ആവശ്യപ്പെട്ടെങ്കിലും പരാതിക്കാരൻ അസൗകര്യമറിയച്ചതോടെ യോഗം തിങ്കളാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് അമ്മു വിന്റെ മരണം.

 

Related Articles

Back to top button