ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടി; തന്നെ കുടുക്കാനും ആക്രമിക്കാനും ശ്രമം: ഡോ. ഹാരിസ്

വ്യക്തിപരമായി ആക്രമിക്കാനുള്ള ശ്രമം നടക്കുന്നതായി തിരുവനന്തപുരം മെഡിക്കൽ കോളേജ് യൂറോളജി വിഭാഗം തലവൻ ഡോ. ഹാരിസ് ചിറക്കൽ. തന്നെ കുടുക്കാനും വ്യക്തിപരമായി ആക്രമിക്കാനും ശ്രമം നടക്കുന്നുവെന്ന് ഡോ ഹാരിസ് പറഞ്ഞു. ഓഫീസ് മറ്റൊരു പൂട്ടിട്ട് പൂട്ടിയെന്ന് ഹാരിസ് പറഞ്ഞു. കെജിഎംസിടിഎ ഭാരവാഹികൾക്ക് നൽകിയ കുറിപ്പിലായിരുന്നു ഹാരിസിന്റെ ആരോപണം.
അധികൃതരുടെ ലക്ഷ്യം വേറെയാണ്. തന്നെ കുടുക്കാൻ കൃത്രിമം കാണിക്കാനാണോയെന്ന് സംശയമുണ്ട്. ഔദ്യോഗികമായ രഹസ്യരേഖകളടക്കം ഓഫീസ് മുറിയിലുണ്ട്. വ്യക്തിപരമായി ആക്രമിക്കാനാണ് ശ്രമം. എന്തിനാണ് മുറി പൂട്ടിയതെന്ന് അന്വേഷിക്കണം. കാണാതായെന്ന് പറയുന്ന ഉപകരണം ആശുപത്രിയിൽ തന്നെയുണ്ടെന്നും ഹാരിസ് പറഞ്ഞു.
എന്നാൽ ഉപകരണം കാണാനില്ലെന്ന് വകുപ്പ് മേധാവിയായ ഡോ. ഹാരിസ് സമ്മതിച്ചതായാണ് വിദഗ്ധ സമിതി റിപ്പോർട്ടിൽ പറയുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് ഡിഎംഇ തല അന്വേഷണം പ്രഖ്യാപിച്ചത്.