രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ അറിഞ്ഞിട്ടും മറച്ചുവെച്ചു; റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
ദ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രി പരാമർശിച്ച ദേശവിരുദ്ധ പ്രവർത്തനങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്വർണ്ണക്കള്ളക്കടത്ത് പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമർശം അതീവ ഗൗരവതരമെന്നും ഗവർണർ മാധ്യമങ്ങളോട് പറഞ്ഞു.
രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആളുകളുടെയോ വിഭാഗങ്ങളുടെയോ വിവരങ്ങൾ വെളിപ്പെടുത്താത്തതിൽ ഗവർണർ മുഖ്യമന്ത്രിയെ വിമർശിച്ചു. സംസ്ഥാനത്ത് രാജ്യവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന് അറിഞ്ഞിട്ടും ഇക്കാര്യം മറച്ചുവെച്ചു. പകരം മാധ്യമങ്ങളോടാണ് വിശദീകരിച്ചത്. ഗവർണറെ ഇരുട്ടിൽ നിർത്തുന്ന സമീപനമായിരുന്നു ഇതെന്നും ഗവർണർ കുറ്റപ്പെടുത്തി.
അതേസമയം ഫോൺ ചോർത്തുന്നത് അവകാശലംഘനമാണെന്നും ഇക്കാര്യത്തിൽ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയിരുന്നതായും ഗവർണർ പറഞ്ഞു. എന്നാൽ ഒരാഴ്ചയായിട്ടും റിപ്പോർട്ട് ലഭിച്ചിട്ടില്ല. കുറച്ച് സമയം കൂടി കാത്ത് നിൽക്കുമെന്നും ശേഷം തുടർനടപടി സ്വീകരിക്കുമെന്നും ഗവർണർ അറിയിച്ചു.