അരികിലായ്: ഭാഗം 4
രചന: മുല്ല
വീട് വിട്ടു ഇറങ്ങുമ്പോൾ കല്ലുവിന് ഉള്ളിലെ സങ്കടം അടക്കാൻ കഴിയുന്നില്ലായിരുന്നു…. അഞ്ച് ദിവസം മുൻപ് വരെ തന്റെ അച്ഛന്റെ തമാശകളും അമ്മയുടെ പൊട്ടിച്ചിരിയും നിറഞ്ഞു നിന്നിരുന്ന വീടാണ്… പണത്തിനു മാത്രമേ കുറവുള്ളായിരുന്നു എങ്കിലും സന്തോഷം ഉണ്ടായിരുന്നു… തങ്ങളുടെ സ്വർഗം ആയിരുന്നു ഇത്…..
കണ്ണകിയോടും അജയനോടും യാത്ര പറയവേ അവൾ തേങ്ങി കരഞ്ഞു…
സയാമീസ്ൽ ന്ന് ഒരാള് പോയി അല്ലേ അജയമാമ…..
ചുണ്ട് വിതുമ്പി പറയെ അവളെ ചേർത്ത് പിടിച്ചു കരഞ്ഞിരുന്നു അജയൻ……
ഒന്നും ഓർത്ത് വിഷമിക്കല്ലേ മോളെ…. ഇപ്പൊ മോൾക്ക് എല്ലാരേം കിട്ടിയില്ലേ…. മോള് കാണാൻ കൊതിച്ചിട്ടുള്ള എല്ലാരും വന്നില്ലേ.. ഇപ്പൊ അവരുടെ കൂടെ അല്ലേ മോള് പോണേ… സന്തോഷായിട്ട് ഇരിക്ക്…..
എല്ലാരേം കിട്ടിയപ്പോ എനിക്ക് അച്ഛനും അമ്മയും ഇല്ലാതായി പോയല്ലോ മാമാ……
അത് വരെ അടക്കി പിടിച്ച തേങ്ങൽ നിലവിളിയായി പുറത്തേക്ക് വന്നു….
കണ്ണകി അവളെ കെട്ടിപ്പിടിച്ചു കരഞ്ഞു……
മോളെ…..
മുത്തശ്ശി വന്നു വിളിച്ചതും മനസ്സില്ലാ മനസ്സോടെയാണ് അവൾ അവർക്കൊപ്പം ഇറങ്ങിയത്….. അച്ഛന്റെയും അമ്മയുടെയും ചിതാഭസ്മം നെഞ്ചോട് കയ്യിൽ ഒതുക്കിയിരുന്നു അവൾ…. പിന്നെ തനിക്ക് പ്രിയപ്പെട്ട പലതും… അച്ഛന്റെയും അമ്മയുടെയും പ്രിയപ്പെട്ടവ ഉൾപ്പെടെ…..
സുധിയും കാർ കൊണ്ട് വന്നിരുന്നത് കൊണ്ട് ആ കാറിൽ സുധിയും അപ്പുവും ചെറിയമ്മയും ചെറിയച്ഛനും അമ്മുവും കേറി…. ബാക്കിയുള്ളവർ ആദിയുടെ വണ്ടിയിലും…..
ഡ്രൈവ് ചെയ്യുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ മുത്തശ്ശിയുടെ തോളിൽ ചാരി തളർന്നു കിടക്കുന്ന കല്ലുവിലേക്ക് നീണ്ടിരുന്നു…. കരഞ്ഞു കരഞ്ഞു മൂക്കും കണ്ണും എല്ലാം ചുവന്നിരിക്കുന്നു….. ഇപ്പോഴും ഇടയ്ക്കിടെ എങ്ങലടികൾ കേൾക്കുന്നു…..
എന്തിനോ അവന്റെ കണ്ണുകളും നിറഞ്ഞു….. അവളുടെ കണ്ണുനീരും സങ്കടവും നെഞ്ചിൽ തറച്ചു കൊള്ളുന്നത് പോലെ…. എന്തിനാണ് അത്… അവളോടുള്ള സഹതാപം ആണോ… ആരും ഇല്ലാതായി പോയ ഒരു പെണ്ണിനോടുള്ള അനുകമ്പയോ…
കണ്ണുകൾ അടച്ചു കിടന്നവൾ ഇടക്കെപ്പോഴോ കണ്ണ് തുറന്നു മുന്നിലേക്ക് നോക്കിയപ്പോൾ കണ്ടു കണ്ണാടിയിലൂടെ തന്റെ നേരെ നീളുന്ന നോട്ടം…. അസ്വസ്ഥതയോടെ പുറത്തേക്ക് നോക്കി ഇരുന്നു അവൾ…. അത് മനസ്സിലായത് കൊണ്ടോ എന്തോ അവൻ പിന്നീട് അവളെ നോക്കിയതേ ഇല്ല…..
വീട്ടിൽ എത്തുമ്പോൾ രാത്രി ആയിരുന്നു…..
കല്ലുവിനെ ദേവന്റെ വീട്ടിലേക്ക് കൂട്ടാൻ തീരുമാനിച്ചിരുന്നു അവർ…. മുത്തശ്ശിയുടെ തീരുമാനവും അതായിരുന്നു…. കല്ലുവിനും മുത്തശ്ശിയുടെ ഒപ്പം നിൽക്കണം എന്നായിരുന്നു…. തന്റെ അമ്മ ജനിച്ചു വളർന്ന വീട്ടിൽ….
അമ്മുവിന് അത് ചെറിയൊരു വിഷമം ഉണ്ടാക്കിയെങ്കിലും തൊട്ടടുത്തു തന്നെ അല്ലേ എന്നാശ്വസിച്ചു അവൾ…. ആദി അവൾ പോകുന്നത് കണ്ട് നോക്കിയെങ്കിലും അവളിൽ നിന്നും ഒരു നോട്ടം പോലും അവന് കിട്ടിയില്ല…. അവളെ ഇങ്ങോട്ട് കൊണ്ട് വരാൻ താൻ പറഞ്ഞതിന്റെ ദേഷ്യമാണ് അവൾക്ക് തന്നോട് എന്ന് അവന് തോന്നി…..
മുത്തശ്ശിയുടെ ഒപ്പം ആ വീട്ടിലേക്ക് കയറുമ്പോൾ കല്ലുവിന്റെ ഉള്ളം തേങ്ങുന്നുണ്ടായിരുന്നു….. തന്റെ അമ്മയുടെ വീട്… ഇരുപത് വയസ് വരെ തന്റെ അമ്മ ജീവിച്ചിരുന്ന വീട്…. അകത്തേക്ക് കയറിക്കൊണ്ട് അവൾ ചുറ്റും നോക്കി…..
ചുവരിൽ പഴയ ഒരു കുടുംബ ഫോട്ടോ…. എല്ലാവരും ഉണ്ട് അതിൽ… മുത്തശനും മുത്തശ്ശിയും മുകുന്ദനും ദേവനും ലളിതയും സരളയും…. സരളയുടെ കയ്യിൽ ഒരു ആൺകുട്ടിയുണ്ട്…. അവളുടെ കണ്ണുകൾ ഉടക്കിയത് ഒരു ദാവണി ഉടുത്ത പെൺകുട്ടിയിൽ ആയിരുന്നു…. അത് അവളുടെ അമ്മയുടെ ചിത്രം ആയിരുന്നു … മുത്തശ്ശിയുടെ തൊട്ടടുത്തു അവരുടെ തോളിൽ ചേർത്ത് പിടിച്ചു ഇരിക്കുന്ന അമ്മ…. അമ്മയുടെ മടിയിൽ മൂന്നു വയസ്സോളം പ്രായമുള്ള ഒരു ആൺകുട്ടി….
അവളുടെ കണ്ണുകൾ അമ്മയിൽ തന്നെ തറഞ്ഞു നിന്നു… കണ്ണുകൾ നിറഞ്ഞു….
മോളെ…..
തോളിൽ ഒരു കൈതലം അമർന്നതും അവൾ തിരിഞ്ഞു നോക്കി….
മുത്തശ്ശി…..
ചുണ്ട് വിതുമ്പി കൊണ്ട് അവൾ അവരെ ചുറ്റി പിടിച്ചു കരഞ്ഞിരുന്നു…..
മുത്തശ്ശിയുടെ ഒപ്പം അവരെ ചുറ്റിപ്പിടിച്ചു കിടക്കുമ്പോൾ മനസ്സാകെ അസ്വസ്ഥത ആയിരുന്നു… വീട് മാറിയതിന്റെയും വേറെ എന്തൊക്കെയോ ഒരു അസ്വസ്ഥത…… എപ്പോഴോ ഉറക്കം കണ്ണുകളെ തേടിയെത്തി….
പിറ്റേന്നാണ് ആ വീട് മുഴുവൻ അവൾ ചുറ്റി കാണുന്നത്…. സരളയുടെ സ്നേഹം നിറഞ്ഞ പെരുമാറ്റം അവളുടെ മനസ്സിനെ തണുപ്പിച്ചു…. ദേവൻ അവളെ ചേർത്ത് പിടിച്ചു…. അവൾക്ക് അവിടെ കുറച്ചെങ്കിലും പരിചയം ദേവനെ തന്നെ ആയിരുന്നു…. അമ്മയെ ഇടക്ക് വിളിച്ചു സംസാരിക്കുന്ന ദേവമാമൻ… ഒരു കൊല്ലം ആയിട്ടുള്ളൂ തങ്ങളുമായി കോൺടാക്ട് ആയിട്ട്… വിളിക്കുമ്പോ തന്റെ പഠിപ്പിന്റെ കാര്യങ്ങളും ഒക്കെ അന്വേഷിക്കാറുണ്ട്…. അമ്മക്ക് ഫോൺ ചെയ്യുന്നത് ആകെ സരളമ്മായിക്ക് മാത്രേ അറിയൂ എന്ന് പറഞ്ഞിരുന്നു ഒരിക്കൽ…. ഇടയ്ക്കിടെ എത്തുന്ന പണം കൊണ്ടുള്ള സഹായങ്ങളും മാമന്റെ വക ആയിരുന്നു….
ചായ കുടി ഒക്കെ കഴിഞ്ഞപ്പോഴേക്കും അമ്മു എത്തി…. ഞാനും അവളും ഏകദേശം ഒരു പ്രായം ആണ്… ഞങ്ങള് രണ്ടാളും ഡിഗ്രി കഴിഞ്ഞ് റിസൾട്ട് വരാൻ വെയിറ്റ് ചെയ്ത് ഇരിക്കുവാ… വന്നിട്ടും കാര്യം ഒന്നുമില്ല…. തുടർന്നു പഠിക്കാൻ മോഹം ഉണ്ട്… പക്ഷെ ഇവരെ ആരെയും ബുദ്ധിമുട്ടിക്കാൻ വയ്യ.. തന്നെ പോലെ ഒരു പെൺകുട്ടിയെ നോക്കുന്നത് തന്നെ വലിയ കാര്യം അല്ലേ…. അച്ഛൻ ഉണ്ടായിരുന്നെങ്കിൽ എങ്ങനെ എങ്കിലും തന്നെ പഠിപ്പിച്ചേനെ… എത്ര കഷ്ടപ്പെട്ടിട്ട് ആണെങ്കിലും… തനിക്കും പഠിച്ചു ഒരു ജോലി നേടി അച്ഛനെയും അമ്മയെയും ഒക്കെ നോക്കണം എന്നായിരുന്നു… എല്ലാം ഒരു ദിവസം കൊണ്ട് അവസാനിച്ചു… തന്റെ ഭാവി തനിക്ക് മുന്നിൽ ഒരു ചോദ്യചിഹ്നം ആണ്….
എന്താ കല്ലു ആലോചിച്ചു ഇരിക്കണെ…..
അമ്മുവിന്റെ ചോദ്യം കേട്ടാണ് ചിന്തകളുടെ പിടിയിൽ നിന്നും ഒഴിഞ്ഞത്…..
അവളെ നോക്കി തെളിച്ചമില്ലാതെ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തലയനക്കി…. ഓരോന്ന് പറഞ്ഞു തന്നെ സന്തോഷിപ്പിക്കാൻ ശ്രമിക്കുന്നവളെ നോക്കി ഇരുന്നു… കല്ലുവിനും അവളോട് അടുപ്പം തോന്നി തുടങ്ങിയിരുന്നു……
സംസാരിച്ചു കൊണ്ട് ഇരുന്ന അവർ എഴുന്നേറ്റത് പുറത്ത് പോയി വന്ന സുധിയെ കണ്ടായിരുന്നു….
ആഹാ…. കാന്താരി ഇവിടെ വന്നിട്ടുണ്ടായിരുന്നോ…
അമ്മുവിനെ കളിയാക്കി അവൻ പറഞ്ഞതും അവൾ ചിണുങ്ങി….
സുധിയേട്ടാ….
പിന്നെ… നീ കാന്താരി അല്ലെടീ… കലിപ്പന്റെ കാന്താരി…. പഠിപ്പിക്കുന്ന സാറിനെ തന്നെ വായ നോക്കുന്ന കാന്താരി പെണ്ണ്…
അവളുടെ തോളിൽ കയ്യിട്ട് നിന്നിട്ടാണ് അവനത് ചോദിച്ചത്…. അമ്മു ഞെട്ടി ചുറ്റും നോക്കി…. അവരെ നോക്കി നിൽക്കുന്ന കല്ലു മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ…
സുധിയേട്ടാ… പതുക്കെ… ആരെങ്കിലും കേൾക്കും….
കേൾക്കട്ടെടീ…. ഇനി എത്ര നാള് ഒളിപ്പിച്ചു വെക്കും നീയിത്…
എന്നാലും…..
ഞാൻ ദേ വല്യച്ഛനോട് പറയും കേട്ടോ…. കേശുവും പറഞ്ഞു ഇതിനൊരു തീരുമാനം എടുക്കണമെന്ന്…..
അതിന് അങ്ങോര് അമ്പിനും വില്ലിനും അടുക്കണില്ല സുധിയേട്ടാ….
അത് നിന്റെ നാക്കിന്റെ നീളം കണ്ട് പേടിച്ചിട്ടാ….
പോ… എന്നെ കളിയാക്കാതെ….
അയ്യോടാ.. എന്റെ അമ്മു മോള് പിണങ്ങിയോ….
അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ട് ചോദിച്ചു….
കല്ലു കാണുകയായിരുന്നു അവരുടെ സ്നേഹം…. നാലു ആങ്ങളമാരുടെ പുന്നാര പെങ്ങൾ ആണ് അമ്മു എന്ന് കല്ലുവിന് മനസ്സിലായിരുന്നു…. ഇത് വരെ ഈ കുടുംബത്തിലെ ഒരേ ഒരു പെൺ തരി…. ഇപ്പൊ താനും ഉണ്ട്…. എന്നാലും അമ്മുവിന് കൊടുക്കുന്ന സ്നേഹം ഒന്നും തനിക്ക് കിട്ടില്ല എന്നറിയാം…. എന്തിനോ അവളുടെ കണ്ണുകൾ നിറഞ്ഞു…..
അതേ സമയം തന്നെ ആയിരുന്നു സുധിയുടെ നോട്ടം അവളിലേക്ക് എത്തിയത്…. അവന്റെ ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞു…..
വിഷമിക്കണ്ടെടോ…. ഞങ്ങളൊക്കെയുണ്ട് ട്ടോ തനിക്ക്…. എല്ലാവരും തന്റെയും കൂടെ സ്വന്തം ആണ്….
ഒരു ചിരിയോടെ അവൻ പറയെ പതിയെ അവളുടെ ചുണ്ടിലും പുഞ്ചിരി വിരിഞ്ഞു….
……തുടരും….
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…