Kerala

കുടിശിക 110 കോടി കടന്നു:108 ആംബുലൻസ് ജീവനക്കാർ സമരത്തിൽ

കൊച്ചി: സർക്കാരിൽ നിന്നും ലഭിക്കാനുള്ള കുടിശിക 110 കോടി പിന്നിട്ടതോടെ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ ശമ്പള വിതരണം പ്രതിസന്ധിയിൽ. ഫെബ്രുവരി മാസത്തെ ശമ്പളം വൈകുന്നതിനെത്തുടർന്ന് 108 ആംബുലൻസ് ജീവനക്കാർ റഫറൽ ട്രിപ്പുകൾ ഒഴിവാക്കി പ്രതിഷേധ സമരം ആരംഭിച്ചു. ഇതോടെ സംസ്ഥാനത്ത് ഒരാശുപത്രിയിൽ നിന്ന് മറ്റൊരാശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് രോഗികളെ മാറ്റാനുള്ള റഫറൻസ് ട്രിപ്പുകൾക്ക് സൗജന്യ ആംബുലൻസ് സേവനം ലഭിക്കാത്ത അവസ്ഥയാണ്.

ബിഎംഎസ്, ഐഎൻടിയുസി തൊഴിലാളി യൂണിയനുകൾ നടത്തുന്ന സമരത്തിനു പിന്നാലെ ബുധനാഴ്ച രാവിലെ മുതൽ സിഐടിയു യൂണിയനും റഫറൻസ് ട്രിപ്പുകൾ ഒഴിവാക്കിക്കൊണ്ട് സമരം ആരംഭിച്ചു. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് കീഴിൽ ഹൈദരാബാദ് ആസ്ഥാനമായ ഇഎംആർഐ ഗ്രീൻ ഹെൽത്ത് സർവീസസ് എന്ന സ്ഥാപനത്തിനാണ് സംസ്ഥാനത്ത് കനിവ് 108 ആംബുലൻസുകളുടെ പ്രവർത്തന ചുമതല.

നിലവിൽ 2024 മാർച്ച് മാസം മുതൽ 2025 മാർച്ച് മാസം വരെ നൽകിയ ബില്ലുകളിൽ നിന്നായി ഈ കമ്പനിക്ക് 110 കോടി രൂപയാണ് കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ നൽകാൻ കുടിശികയുള്ളത്. ഇതോടെയാണ് ഫെബ്രുവരി മാസത്തെ ജീവനക്കാരുടെ ശമ്പള വിതരണം മുടങ്ങിയ സാഹചര്യം ഉണ്ടായിരിക്കുന്നത്.

ഫെബ്രുവരി മാസം ആരോഗ്യ വകുപ്പ് ഡയറക്റ്ററേറ്റിൽ നിന്ന് 40 കോടി രൂപ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന് അനുവദിച്ചിരുന്നെങ്കിലും ഇത് കരാർ കമ്പനിക്ക് നൽകുന്നതിലുള്ള കാലതാമസമാണ് ശമ്പള വിതരണ പ്രതിസന്ധിക്ക് പ്രധാന കാരണമായി പറയുന്നത്. അടിക്കടി ശമ്പള വിതരണത്തിലുള്ള കാലതാമസം കനിവ് 108 ആംബുലൻസ് പദ്ധതിയിൽ ജോലി ചെയ്യുന്ന 1200 ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

ഫണ്ട് ലഭിച്ചാൽ മാത്രമേ ജീവനക്കാരുടെ ശമ്പള വിതരണം നടത്താനാകൂവെന്ന നിലപാടിലാണ് കരാർ കമ്പനി, മനഃപൂർവം ശമ്പളം വൈകിപ്പിച്ച് ജീവനക്കാരെ പ്രതിസന്ധിയിലാക്കി സർക്കാരിനെതിരേ തിരിച്ചുവിട്ട് ഫണ്ട് വാങ്ങാനുള്ള നീക്കമാണ് കരാർ കമ്പനി നടത്തുന്നതെന്നും ജീവനക്കാർ ആരോപിക്കുന്നു.

ഇതിനിടയിൽ അടുത്ത അഞ്ചു വർഷത്തേക്ക് പദ്ധതിയുടെ നടത്തിപ്പിനായി ഏജൻസിയെ കണ്ടെത്താനുള്ള ടെൻഡർ നടപടികൾ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!