എംഎൽഎ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ല: വികെ സനോജ്

പാലക്കാട് എം എൽ എ എന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിൽ ഒരു പരിപാടിയിലും പങ്കെടുക്കാൻ അനുവദിക്കില്ലെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. രാഹുലിനെതിരെ പ്രതികരിക്കുന്ന കോൺഗ്രസ് നേതാക്കളെ നേരിടാൻ സൈബർ കൂട്ടത്തെ പണം നൽകി ഇറക്കിയത് ഷാഫി പറമ്പിലാണെന്നും വി കെ സനോജ് പറഞ്ഞു. ഉമാ തോമസ് എം എൽ എക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ പ്രതിഷേധാർഹമാണ്.
രാഹുലിനിനെതിരെ ഉമ തോമസിൽ നിന്ന് ഉണ്ടായത് ഒരമ്മയുടെ ഭാഗത്തുനിന്നുള്ള പ്രതികരണമാണ്. ക്രൂരമായാണ് അവരെ ഷാഫിയുടെ അനുയായികൾ നേരിട്ടത്. ഇതിനെതിരെ കോൺഗ്രസിൽ നിന്ന് ഒരാളും മിണ്ടിയില്ല. രാഹുലിനെതിരെ ഫെയ്സ്ബുക്ക് പോസ്റ്റിട്ട കെസി വേണുഗോപാലിന്റെ ഭാര്യക്കും പോസ്റ്റ് പിൻവലിക്കേണ്ടിവന്നു. ഷാഫിയുടെ വെട്ടുകിളിക്കൂട്ടം അവരെയെല്ലാം ആക്രമിച്ചു.
രാഹുലിനു വേണ്ടി പണം നൽകി സൈബർ സംഘങ്ങളെ ഇറക്കാൻ എവിടെ നിന്നാണ് ഇവർക്ക് ഇത്ര പണം ലഭിക്കുന്നതെന്ന് അറിയില്ല. വയനാടിനു വേണ്ടി പിരിച്ചെടുത്ത പണം കൂടി ഇതിന് ഉപയോഗിക്കുന്നുണ്ട്. സൈബർ ആക്രമണങ്ങളെ ഡി വൈ എഫ് ഐ ശക്തമായി പ്രതിരോധിക്കുമെന്നും സനോജ് പറഞ്ഞു.