നാടുവിടും മുമ്പ് അസദ് സിറിയക്ക് നല്‍കിയത് മുട്ടന്‍ പണി; രഹസ്യങ്ങള്‍ ഇസ്രാഈലിന് ചോര്‍ത്തി
വിമത കേന്ദ്രങ്ങള്‍ ഒരോന്നായി തകര്‍ത്ത് ഇസ്രാഈല്‍
ഞാന്‍ തിന്നുന്നില്ലെങ്കില്‍ നിങ്ങള്‍ക്കും വേണ്ട. ഈ ശൈലിയിലാണ് നാടുവിട്ട സിറിയന്‍ പ്രസിഡന്റ് ബശര്‍ അല്‍ അസദ് സ്വന്തം രാജ്യത്തോടും വിമതരുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തോടും ചെയ്തത്. അധികാരം നഷ്ടമാകുമെന്ന് ഉറപ്പായതോടെ നാടുവിടേണ്ടി വന്ന അസദ് ഒടുവില്‍ നല്ലൊരു പണി നല്‍കിയാണ് പോയത്. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ ഇത്രയും കാലം രാജ്യം ഭരിച്ച ഒറ്റുകാരനായിരുന്നു അസദ് എന്ന് പറയേണ്ടി വരും.
സിറിയയുടെ ബദ്ധശത്രുക്കളായ ഇസ്രാഈലിന് രാജ്യത്തിന്റെ മുഴുവന്‍ വിവരങ്ങളും കൈമാറിയാണ് അസദ് നാടുവിട്ടതത്രെ.
ആയുധശേഖരങ്ങളുടെയും അവ സൂക്ഷിച്ചിരിക്കുന്ന സ്ഥലങ്ങളുടെയും അടക്കമുള്ള വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയാണ് പ്രസിഡന്റ് രാജ്യം വിട്ടതെന്ന് തുര്‍ക്കി ദിനപത്രമായ ഹുറിയത്ത് റിപോര്‍ട്ട് ചെയ്യുന്നു.രാജ്യം വിടുന്നതിനിടെ ഇസ്‌റാഈല്‍ തന്നെ ആക്രമിക്കരുതെന്ന് ഉറപ്പ് ലഭിക്കാനായാണ് ആയുധങ്ങളുള്ള സ്ഥലങ്ങള്‍ ചോര്‍ത്തിക്കൊടുത്തതെന്നാണ് ഹുറിയത്ത് പുറത്തുവിട്ട റിപോര്‍ട്ടിലുള്ളത്.
അസദ് രാജ്യം വിട്ടതിനു പിന്നാലെ ഈ മാസം എട്ട് മുതല്‍ ഇസ്‌റാഈല്‍ തുടര്‍ച്ചയായി സിറിയന്‍ സൈനിക പോസ്റ്റുകളെയും നാവിക, ആയുധ ശേഖരങ്ങളെയും നിരന്തരം ആക്രമിക്കുകയാണ്.