കിംഗായിരുന്ന കോമാളി; കോണ്‍സ്റ്റാസിനെ ഇടിച്ച കോലിയെ എയറില്‍ കയറ്റി ഓസീസ് മാധ്യമങ്ങള്‍
പ്രതികരണവുമായി രവി ശാസ്ത്രി

ഇന്ത്യയുടെ സീനിയര്‍ താരം വിരാട് കോലിയെ രൂക്ഷമായി പരിഹസിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ബോക്‌സിംഗ് ഡേ ടെസ്റ്റിലെ ഒന്നാം ദിവസം ക്രീസിലെത്തി ബുംറയടക്കുള്ള ഇന്ത്യന്‍ പേസര്‍മാരെ പഞ്ഞിക്കിട്ട് 19ാം വയസ്സിലെ തന്റെ അരങ്ങേറ്റ മത്സരം ഗംഭീരമാക്കിയ ഓസീസ് ഓപണര്‍ സാം കോണ്‍സ്റ്റാസിനെ തോളുകൊണ്ടിടിച്ച സംഭവത്തിലാണ് കോലിക്കെതിരെ വിമര്‍ശനം. കോലിയെ വിമര്‍ശിച്ച് ഇന്ത്യക്കകത്ത് നിന്ന് തന്നെ വിമര്‍ശനം രൂക്ഷമായതോടെയാണ് ഓസീസ് മാധ്യമങ്ങള്‍ പരിഹാസവുമായി എത്തിയത്.
മുമ്പ് കിംഗ് ആയിരുന്ന കോലിയെ കോമാളിയായി ചിത്രീകരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍. ഓസീസിന്റെ അഭിമാനതാരവും കൗമാരക്കാരനുമായി കോണ്‍സ്റ്റാസിനെ ആക്രമിച്ച് സ്വയം പരിഹാസ്യനായിരിക്കുകയാണ് കോലിയെന്ന് മാധ്യമങ്ങള്‍ വിലയിരുത്തി.
പ്രമുഖ ഓസീസ് പത്രമായ ‘ദി വെസ്റ്റ് ഓസ്‌ട്രേലിയനാ’ണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ‘കോമാളി കോഹ്‌ലി’ എന്ന് വിശേഷിപ്പിച്ചത്. ഒരു കൊച്ചുകുട്ടിയുടെ കരച്ചിലിനോടാണ് വിരാട് കോഹ്‌ലിയുടെ പ്രവൃത്തിയെ ഈ പത്രം ഉപമിച്ചിരിക്കുന്നത്. കരയുന്ന കുട്ടി അഥവാ ഭീരു എന്ന അര്‍ത്ഥം വരുന്ന ഇന്ത്യന്‍ സൂക്ക്, ടെസ്റ്റില്‍ അരങ്ങേറുന്ന ഒരു കൗമാരതാരവുമായി ഏറ്റുമുട്ടിയെന്നാണ് പത്രം പറയുന്നത്.
വിരാട് കോഹ്‌ലിയെ അധിക്ഷേപിച്ച പത്രവാര്‍ത്തകള്‍ക്കെതിരെ വിമര്‍ശനം ഉയരുന്നുമുണ്ട്. അരങ്ങേറ്റക്കാരനായ കോണ്‍സ്റ്റാസ് വളരെ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അത് ഉള്ളടക്കത്തില്‍ പ്രസിദ്ധീകരിക്കാതെ കോഹ്‌ലിയെ കളിയാക്കികൊണ്ട് റിപ്പോര്‍ട്ട് ചെയ്തതിനെതിരെയാണ് പലരും രംഗത്ത് വന്നിരിക്കുന്നത്. എന്നാല്‍, പത്രത്തിന്റെ പരിഹാസത്തെ പിന്തുണച്ച് ഇന്ത്യയിലെ തന്നെ ക്രിക്കറ്റ് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. കോലി ചെയ്തത് കോമാളിത്തരം തന്നെയാണെന്നും അദ്ദേഹത്തിനെ പോലുള്ള സീനിയര്‍ താരങ്ങള്‍ ക്രിക്കറ്റിലെത്തുന്ന കൗമാരക്കാരെ ആക്രമിക്കുന്നതും അസഹിഷ്ണുത പ്രകടിപ്പിക്കുന്നതും ശരിയല്ലെന്നാണ് ഒരുകൂട്ടര്‍ വാദിക്കുന്നത്.
അതിനിടെ, പത്രത്തിന്റെ അധിക്ഷേപത്തിനെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ഇന്ത്യന്‍ താരവും കമേന്‍ഡേറിയനുമായ രവി ശാസ്ത്രി രംഗത്തെത്തി. മാധ്യമങ്ങള്‍ കോഹ്‌ലിയെ ലക്ഷ്യം വെക്കുന്നതാണെന്നും ഓസ്‌ട്രേലിയ പരമ്പരയില്‍ മുന്നിലാവാത്തതിന്റെ നിരാശയിലാണ് ഇങ്ങനെ ചെയ്യുന്നതെന്നും ശാസ്ത്രി തുറന്നടിച്ചു.