World

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി; സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (SDS) വിസ സ്‌കീം അവസാനിപ്പിച്ച് കാനഡ

ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകാനായി തയാറെടുക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചടി. സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം പ്രോഗ്രാം ( SDS) കാനഡ അവസാനിപ്പിച്ചു. ഇന്ത്യ അടക്കം 13 രാജ്യങ്ങളിലേക്കുള്ള എസ്ഡിഎസ് വിസ സ്‌കീം ആണ് അവസാനിപ്പിച്ചത്. 2018ല്‍ നല്‍കാന്‍ തുടങ്ങിയ സേവനമാണ് കാനഡ അടിയന്തരമായി അവസാനിപ്പിക്കുന്നത്. എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും തുല്യപരിഗണന നല്‍കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നാണ് കാനഡ പറയുന്നത്. ഒരു രാജ്യത്തിനും പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും കാനഡ വ്യക്തമാക്കി. നവംബര്‍ എട്ട് വരെയുള്ള അപേക്ഷകള്‍ പരിഗണിക്കും

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ കാനഡയിലുള്ള ഉന്നത പഠനത്തിന് അതിവേഗം സ്റ്റഡി പെര്‍മിറ്റും വിസയും അനുവദിക്കുന്നതിനുള്ള സ്‌കീമായിരുന്നു എസ്ഡിഎസ്. ഇന്ത്യ, ചൈന, ഫിലിപ്പീന്‍സ് എന്നിവയുള്‍പ്പെടെയുള്ള 14 രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നു എസ്ഡിഎസിന്റെ ഭാഗമായ പരിഗണന ലഭിച്ചിരുന്നത്. എസ്ഡിഎസിന്റെ ഭാഗമായല്ലാത്ത പരമ്പരാഗത മാര്‍ഗങ്ങളിലൂടെ അപേക്ഷിക്കുന്നവര്‍ക്ക് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ എട്ടിലേറെ ആഴ്ചകള്‍ വേണമെങ്കില്‍ എസ്ഡിഎസ് വഴി ചുരുങ്ങിയ ആഴ്ചകള്‍ കൊണ്ട് സ്റ്റഡി പെര്‍മിറ്റ് നേടിയെടുക്കാന്‍ സാധിക്കുമായിരുന്നു. ഇന്ത്യയിലെ തന്നെ ആയിരത്തിലേറെ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലെ ഈ തീരുമാനം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

20,635 ഡോളറിന്റെ കാനേഡിയന്‍ ഗ്യാരന്റി ഇന്‍വെസ്റ്റ്‌മെന്റ് സര്‍ട്ടിഫിക്കറ്റും ഇംഗ്ലീഷിന്റെയോ ഫ്രഞ്ചിന്റെയോ യോഗ്യതാ പരീക്ഷയുടെ നിശ്ചിത സ്‌കോറുമുണ്ടെങ്കില്‍ എസ്ഡിഎസ് വഴി അതിവേഗത്തില്‍ പഠനാവശ്യത്തിനായി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് കാനഡയിലേക്ക് കുടിയേറാമായിരുന്നു. നിജ്ജര്‍ വധത്തിന് പിന്നാലെയുള്ള ഇന്ത്യ- കാനഡ നയതന്ത്ര ഉലച്ചിലിനിടെയാണ് കാനഡയുടെ ഈ തീരുമാനം എന്നതും ഏറെ ശ്രദ്ധേയമാണ്.

Related Articles

Back to top button