സേലത്ത് വ്യാപാരികളായ ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന് ആഭരണങ്ങൾ കവർന്നു; ബിഹാർ സ്വദേശി അറസ്റ്റിൽ

തമിഴ്‌നാട് സേലം ജഗീരമ്മ പാളയത്ത് വ്യാപാരികളായ ദമ്പതികളെ തലയ്ക്കടിച്ച് കൊന്ന ശേഷം ആഭരണങ്ങൾ കവർന്ന കേസിലെ പ്രതി പിടിയിൽ. ജഗീരമ്മ പാളയം സ്വദേശികളായ ഭാസ്‌കരൻ(70), ഭാര്യ ദിവ്യ(65) എന്നിവരെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊന്ന കേസിലാണ് ബീഹാർ സ്വദേശി സുനിൽ കുമാറിനെ(36) അറസ്റ്റ് ചെയ്തത്.
മെയ് 11ന് രാവിലെയായിരുന്നു സംഭവം. കടയിൽ സാധാനം വാങ്ങനെന്ന വ്യാജേന എത്തിയ സുനിൽ കുമാർ ചുറ്റിക കൊണ്ട് ദിവ്യയുടെ തലയ്ക്കടിച്ചു. ദിവ്യയുടെ നിലവിളി കേട്ട് ഓടിയെത്തിയ ഭാസ്‌കരനെയും ഇയാൾ ആക്രമിച്ചു. ഇരുവരും മരിക്കുന്നതുവരെ ഇയാൾ ഇവരുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചതായി പോലീസ് പറയുന്നു.
ദിവ്യയുടെ ശരീരത്തിലുണ്ടായിരുന്ന മാല, വള, കമ്മൽ എന്നിവ സുനിൽകുമാർ കവർന്നു. കടയോട് ചേർന്നുള്ള വീട് കുത്തിത്തുറന്ന് അവിടെയുമുണ്ടായിരുന്ന ആഭരണങ്ങൾ കവർന്നു. പോലീസ് അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പിലെത്തി ചോദ്യം ചെയ്തപ്പോഴാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. മറ്റൊരു ക്യാമ്പിൽ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.