വാഹനം നിര്‍ത്തിയിടുമ്പോള്‍ താക്കോല്‍ എടുക്കാന്‍ മറക്കേണ്ട; ക്ഷമയോടെ മോഷ്ടിക്കാന്‍ കള്ളന്മാര് സര്‍വ സജ്ജമാണ്
വിഴിഞ്ഞം സ്വദേശിയുടെ ബൈക്ക് മോഷണം പോയി
രാത്രിയില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിടുന്ന 99 ശതമാനം വാഹനങ്ങളുടെയും താക്കോല്‍ അതിന്റെ ഉടമ എടുത്ത് വെക്കാന്‍ മറക്കില്ല. എന്നാല്‍, ഒരു ശതമാനം ആളുകള്‍ ഒരുപക്ഷെ വാഹനം പ്രത്യേകിച്ച് ബൈക്കില്‍ നിന്ന് താക്കോല്‍ എടുക്കാന്‍ മറക്കാറുണ്ട്. ഈ ഒരു ശതമാനത്തിലാണ് മോഷ്ടാക്കളുടെ കണ്ണ്. അതിനായി അവര്‍ വീടുകള്‍ തോറും കയറി ഇറങ്ങും. കൂട്ടത്തില്‍ നേരത്തേ പറഞ്ഞ ഒരു ശതമാനത്തില്‍പ്പെട്ട വാഹനം അവര്‍ക്ക് മുന്നിലെത്തും.
അത്തരത്തിലൊരു മോഷണമാണ് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്ത് റിപോര്‍ട്ട് ചെയ്തത്. വെങ്ങാനുര്‍ നെല്ലിവിള അമരവിള ജങ്ഷനില്‍ അമരിവിള വീട്ടില്‍ രാജേന്ദ്രന്റെ ബൈക്കാണ് ഞായറാഴ്ച പുലര്‍ച്ചെ മോഷണം പോയത്. സ്ഥിരമായി ജോലിക്കുപോയശേഷം വീട്ടുറ്റത്താണ് രാജേന്ദ്രന് ബൈക്ക് നിര്‍ത്തിയിടാറുള്ളത്. ശനിയാഴ്ച രാത്രി ബൈക്കില്‍നിന്ന് താക്കോല്‍ എടുക്കാന്‍ മറന്നുപോയി. എന്നാല്‍ അതുവഴി വന്ന കള്ളന് താക്കോലുള്ള ബൈക്ക് കാണുകയും അത് മോഷ്ടിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയാണ് മോഷണം പോയ വിവരം രാജേന്ദ്രന് അറിയുന്നത്. പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ബൈക്കുകളില്‍ നിന്ന് താക്കോല്‍ എടുക്കാതെ പോകുന്നത് ശ്രദ്ധിക്കണമെന്നും പോലീസ് പറഞ്ഞു.