പാളയത്തില്‍പട പന്തളത്തും; ബി ജെ പിയുടെ നഗരസഭ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവെച്ചു; പടക്കം പൊട്ടിച്ച് എല്‍ ഡി എഫ്; ജനാധിപത്യത്തിന്റെ വിജയമെന്ന് യു ഡി എഫ്
പന്തളം നഗരസഭയും ബി ജെ പിക്ക് നഷ്ടമാകും
ബിജെപിക്കുള്ളില്‍ വിമത നീക്കം രൂക്ഷമായതോടെ പന്തളം നഗരസഭയിലും രാജി. സ്ഥാനം തെറിക്കുമെന്ന് ഉറപ്പായതോടെ അധ്യക്ഷയും ഉപാധ്യക്ഷയുമാണ് രാജി പ്രഖ്യാപിച്ചത്. ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷും ഉപാധ്യക്ഷയായ രമ്യയുമാണ് രാജി സമര്‍പ്പിച്ചത്.
പാലക്കാട് നഗരസഭക്ക് പിന്നാലെ ബി ജെ പി പിടിച്ചെടുത്ത പന്തളം നഗരസഭയിലാണ് പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കാരണം പൊ ട്ടിത്തെറി ഉടലെടുത്തത്. മൂന്ന് വിമത ബി ജെ പി അംഗങ്ങളെ കൂട്ടുപിടിച്ച് എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരിഗണിക്കാനിരിക്കെയാണ് രാജിയെന്നത് ശ്രദ്ധേയമാണ്. യു ഡി എഫ് അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെ ബി ജെ പിക്ക് നിക്കക്കള്ളിയില്ലാതെയായി.
എന്നാല്‍ വ്യക്തിപരമായ അസൗകര്യങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് സുശീല സന്തോഷിന്റെ പ്രതികരണം.
രാജിക്ക് പിന്നാലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചപ്പോള്‍ ജനാധിപത്യത്തിന്റെ വിജയമാണെന്ന് വ്യക്തമാക്കി യു ഡി എഫും രംഗത്തെത്തി.
പാര്‍ട്ടിയിലെ ആഭ്യന്തര തര്‍ക്കങ്ങളെ തുടര്‍ന്ന് പന്തളത്ത് പരസ്യമായ നിലപാടെടുത്ത് മൂന്ന് ബിജെപി അംഗങ്ങള്‍ കലാപക്കൊടി ഉയര്‍ത്തിയിരുന്നു. എന്നാല്‍ പ്രശ്നം പരിഹരിക്കാന്‍ ബിജെപിയുടെ സംസ്ഥാന നേതൃത്വത്തിന് സാധിച്ചിരുന്നില്ല. ഇതാണ് ഇപ്പോള്‍ രാജിയിലേക്ക് കലാശിച്ചത്.