കളമശ്ശേരി പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; പ്രതികളിൽ എസ് എഫ് ഐ നേതാവും

കളമശ്ശേരി ഗവ. പോളിടെക്‌നിക്കിന്റെ മെൻസ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതികളിൽ എസ് എഫ് ഐ നേതാവും. പിടിയിലായ കരുനാഗപ്പള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയൻ സെക്രട്ടറിയാണ്. ഹരിപ്പാട് സ്വദേശി ആദിത്യൻ, കരുനാഗപ്പള്ളി സ്വദേശി അഭിരാജ് എന്നിവരെ പോലീസ് സ്‌റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
പിടിയിലായ കുട്ടികൾക്കെതിരെ അക്കദമിക് കൗൺസില് കൂടി നടപടി സ്വീകരിക്കുമെന്ന് പോളിടെക്‌നിക് പ്രിൻസിപ്പൽ അറിയിച്ചു. ഹോളി ആഘോഷത്തിനായി എത്തിച്ച കിലോക്കണക്കിന് ഗ്രാം കഞ്ചാവാണ് പോലീസ് നടത്തിയ പരിശോധനയിൽ പിടികൂടിയത്.
ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ്. മദ്യക്കുപ്പികളും ഗർഭനിരോധന ഉറകളും പരിശോധനയിൽ കണ്ടെത്തിയിരുന്നു. എന്നാൽ യൂണിയൻ സമ്മേളനം നടക്കുന്നതിന്റെ ഭാഗമായി കൊടി തോരണങ്ങൾ കെട്ടുന്ന തിരക്കിലായിരുന്നു തങ്ങളെന്നും ഈ സമയത്ത് ആരോ കരുതി കൂട്ടി കഞ്ചാവ് മുറിയിൽ കൊണ്ടു വെച്ചതാണെന്നുമാണ് അഭിരാജ് മൊഴി നൽകിയത്