Kerala

തൊടുപുഴയില്‍ ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ചു; മുന്‍ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ദുരൂഹതയുണ്ടെന്ന് സംശയം

ഇടുക്കി ജില്ലയിലെ തൊടുപുഴ പെരുമാങ്കണ്ടത്ത് ഓടിക്കൊണ്ടിരിക്കെ കാര്‍ കത്തിനശിച്ച് ഒരാള്‍ മരിച്ചു. മുന്‍ ബാങ്ക് ഉദ്യോഗസ്ഥനും കുമാരമംഗലം സ്വദേശിയുമായ സിബിയാണ് മരിച്ചത്. കാറിനകത്ത് കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവമുണ്ടായത്.

അപകടത്തിന്റെ കാരണം വ്യക്തമല്ല. ആത്മഹത്യയാണെന്നും സാങ്കേതിക തകരാറാണെന്നും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം, ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള പ്രശ്‌നങ്ങള്‍ സിബിയുടെ ജീവിതത്തിലില്ലായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കുന്നു.

കടയില്‍ പോകാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു സിബി. ആളൊഴിഞ്ഞ പറമ്പില്‍ കാര്‍ കത്തുന്നതു കണ്ട പ്രദേശവാസികള്‍ അഗ്‌നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും അഗ്‌നിശമനസേനയും ചേര്‍ന്ന് തീയണച്ചു.

തീ ഉയര്‍ന്നപ്പോള്‍ കാര്‍ ഒഴിഞ്ഞ പറമ്പിലേക്ക് കാര്‍ കയറ്റിയതാണെന്ന് സംശയമുണ്ട്. വീട്ടില്‍ നിന്ന് കേവലം നാല് കിലോമീറ്റര്‍ മാത്രം അകലെയാണ് കാര്‍ ഉണ്ടായിരുന്നത്. അപകട കാരണത്തെ കുറിച്ച് കൃത്യമായ അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്ന് പോലീസ് വ്യക്തമാക്കി. പ്രാഥമികാന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസ് എത്തി സംഭവസ്ഥലത്തും വീട്ടിലും പരിശോധന നടത്തുകയാണ്.

Related Articles

Back to top button
error: Content is protected !!