344 പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ; കേരളത്തിലെ 6 പാർട്ടികളും പുറത്ത്

അംഗീകാരമില്ലാതെ രജിസ്റ്റർ ചെയ്ത 344 പാർട്ടികളെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നൊഴിവാക്കി. കേരളത്തിലെ ആറ് പാർട്ടികളുടെ രജിസ്‌ട്രേഷനും റദ്ദാക്കിയിട്ടുണ്ട്. ആർ എസ് പി(ബി), എൻഡിപി സെക്കുലർ എന്നിവയുടെ രജിസ്‌ട്രേഷനും റദ്ദാക്കി. രാജ്യത്ത് ആറ് ദേശീയപാർട്ടികളാണ് ഇപ്പോഴുള്ളത്.
ബിജെപി, കോൺഗ്രസ്, സിപിഎം, ബി എസ് പി, എഎപി, എൻപിപി എന്നിവയാണ് ദേശീയ കക്ഷികൾ. ഉത്തർ പ്രദേശിൽ മാത്രം 115 പാർട്ടികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കി. തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ ശുദ്ധീകരണത്തിന്റെ ഭാഗമായാണ് നടപടിയെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു
കേരളത്തിൽ നിന്ന് ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി(സെക്കുലർ), നേതാജി ആദർശ് പാർട്ടി, റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ(മാർക്‌സിസ്റ്റ്), റവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഓഫ് കേരള(ബോൾഷെവിക്), ആർഎസ്പി(ബി), സെക്കുലർ റിപബ്ലിക്കൻ ഡെമോക്രാറ്റിക് പാർട്ടി, സോഷ്യലിസ്റ്റ് റിപബ്ലിക്കൻ പാർട്ടി എന്നിവയുടെ രജിസ്‌ട്രേഷനാണ് റദ്ദാക്കിയത്.
ഇതിൽ നാല് പേർട്ടികളുടെ ഓഫീസ് തിരുവനന്തപുരത്തും രണ്ട് പാർട്ടികളുടേത് തൊടുപുഴയിലുമാണ്. രജിസ്റ്റർ ചെയ്ത വിലാസത്തിൽ ഈ പാർട്ടികളുടെ ഓഫീസ് പ്രവർത്തിക്കുന്നില്ലെന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.