National

സർക്കാർ ഉദ്യോഗസ്ഥർക്ക് ഭഗവദ് ഗീതയിലൂന്നിയ ‘മോഡി’ഫിക്കേഷനുമായി കേന്ദ്രസർക്കാർ

ചരിത്രത്തിലാദ്യമായി ഐഎഎസ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ പരിശീലനത്തിന് ഭാരതീയ തത്വചിന്തയിലും ഭഗവദ് ഗീതയിലും ഊന്നിയ തദ്ദേശീയമായ പരിശീലന സമ്പ്രദായം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസിത് ഭാരത് എന്ന സങ്കൽപ്പത്തിന്റെ ഭാഗമായാണ് ‘കര്‍മയോഗി കോഴ്സ്’ എന്ന പേരിൽ കേന്ദ്ര സർക്കാർ ജീവനക്കാർക്ക് നിർബന്ധിത പരിശീലനം നൽകുന്നത്.

രാജ്യത്തെ 3.2 ദശലക്ഷം വരുന്ന കേന്ദ്ര സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കാണ് ഇത്തരത്തിൽ ഭാരതീയ സംസ്കാരവും ഭഗവദ് ഗീതയും കൂടിച്ചേർന്നുള്ള പരിശീലനം ഒരുക്കുന്നത്. സ്വാധ്യായ് (ആത്മപഠനം), സഹകാര്യത (സഹകരണം), രാജ്യകര്‍മ ( കൃത്യനിര്‍വഹണം), സ്വധര്‍മ (പൗരസേവനം) എന്നിങ്ങനെ ഭാരതീയ ചിന്തയിലധിഷ്ഠിതമായ നാല് പ്രധാന ഗുണങ്ങൾ സർക്കാർ ഉദ്യോഗസ്ഥരിൽ എത്തിക്കുകയാണ് കോഴ്‌സിന്റെ ഉദ്ദേശമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ പറയുന്നു.

സ്വാതന്ത്ര്യം നേടിയതിന് ശേഷവും തുടർന്നുവരുന്ന പാശ്ചാത്യ പരിശീലന രീതികളിൽ നിന്നുള്ള മോചനമാണിതെന്നാണ് കോഴ്സ് തയാറാക്കിയ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷനിൽ അംഗങ്ങൾ അഭിപ്രായപ്പെടുന്നത്. വികസനം, ഭാരതീയ മൂല്യങ്ങളിലെ അഭിമാനം, കടമ, ഐക്യത്വം എന്നീ നാല് പ്രധാന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന്, ഉദ്യോഗസ്ഥർ നമ്മുടെ പുരാതന ജ്ഞാനത്തിൽ വേരൂന്നിയ മൂല്യങ്ങൾ ഉൾക്കൊള്ളേണ്ടതുണ്ടെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ കോഴ്സ് തയാറാക്കിയിരിക്കുന്നതെന്നും അവർ പറയുന്നു.

ഈ കോഴ്‌സുകൾ ലക്ഷ്യം വെക്കുന്നത് പ്രൊഫഷണൽ വൈദഗ്ധ്യം മാത്രമല്ല, മറിച്ച്, ഇന്ത്യൻ സംസ്‌കാരത്തോടും മൂല്യങ്ങളോടും ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നു. കൂടാതെ, ഭഗവദ്ഗീത വൈകാരിക ബുദ്ധിക്കും നേതൃത്വത്തിനും വഴികാട്ടിയായി പ്രവർത്തിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

ഈ കോഴ്‌സുകൾ ലക്ഷ്യം വെക്കുന്നത് പ്രൊഫഷണൽ വൈദഗ്ധ്യം മാത്രമല്ല, മറിച്ച്, ഇന്ത്യൻ സംസ്‌കാരത്തോടും മൂല്യങ്ങളോടും ആഴത്തിലുള്ള ബന്ധം വളർത്തിയെടുക്കുന്നു. കൂടാതെ, ഭഗവദ്ഗീത വൈകാരിക ബുദ്ധിക്കും നേതൃത്വത്തിനും വഴികാട്ടിയായി പ്രവർത്തിക്കുന്നുവെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു.

2021ൽ സ്ഥാപിതമായ കപ്പാസിറ്റി ബിൽഡിംഗ് കമ്മീഷൻ സൃഷ്ടിച്ച കർമ്മയോഗി കോഴ്‌സിന്റെ ഭാഗമായി, 60 മന്ത്രാലയങ്ങളിലെയും 93 വകുപ്പുകളിലെയും 2600 സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ മാറും. കര്‍മയോഗിയുടെ ഭാഗമായി ഇന്റഗ്രേറ്റഡ് ഗവണ്‍മെന്റ് ഓണ്‍ലൈന്‍ ട്രെയിനിങ് (ഐഗോട്ട്) എന്ന പോര്‍ട്ടലില്‍ 1500 കോഴ്സുകള്‍ ഉള്‍പ്പെടുത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് 5000 ആക്കും. നേരത്തെ നാമമാത്രമായ കോഴ്സുകളായിരുന്നു ഉണ്ടായിരുന്നത്. ഈ കോഴ്സുകളില്‍ കുറഞ്ഞത് നാലു മണിക്കൂര്‍ പരിശീലനമെങ്കിലും പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരുന്നു. ഇത് വര്‍ഷത്തില്‍ 50 മണിക്കൂറായി വര്‍ധിപ്പിക്കും. ഇതിനായി ദേശീയ പഠനവാരവും നടപ്പില്‍വരും.

18 മാസത്തിലേറെയായി വികസിപ്പിച്ചെടുത്ത ഈ കോഴ്സ് ഇപ്പോൾ മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷൻ പോലുള്ള സർക്കാർ പരിശീലന അക്കാദമികളിൽ വ്യാപിപ്പിക്കുന്നുണ്ട്. ജോലിസ്ഥലത്തിനായുള്ള ചെയർ യോഗ, രവിശങ്കറിൻ്റെ ആർട്ട് ഓഫ് ലിവിംഗുമായി ചേർന്നുള്ള സമ്മര്‍ദ-ദേഷ്യ നിയന്ത്രണം, AI, മെഷീൻ ലേണിംഗ് എന്നിവ കർമ്മയോഗി കോഴ്‌സിൽ ഉൾപ്പെടുന്നു.

രണ്ടാഴ്ച മുൻപ് ‘കർമയോഗി’ പ്ലാറ്റ്‌ഫോമിലെ നിശ്ചിത കോഴ്സുകൾ പൂർത്തിയാക്കാത്ത ഉദ്യോഗസ്ഥരുടെ ശമ്പള ബിൽ തടഞ്ഞുവയ്ക്കാൻ ഉത്തരവിറക്കിയെന്ന വാർത്ത പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ സർവീസ് ചട്ടങ്ങളുടെ ലംഘനമാണ് വിചിത്രവും വിവാദവുമായ ഈ ഉത്തരവെന്ന് ആരോപിച്ചു ജോലിക്കാരുടെ വിവിധ സംഘടനകൾ രംഗത്തെത്തിക്കഴിഞ്ഞു.

വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ വിവിധ സ്ഥാപനങ്ങളായ ഫിലിം ഡിവിഷൻ, പ്രസ് ഇൻഫർമേഷൻ ബ്യുറോ, ആകാശവാണി, ദൂരദർശൻ തുടങ്ങിയ വാർത്താ വിതരണ മന്ത്രാലയത്തിനു കീഴിലെ എല്ലാ ഉദ്യോഗസ്ഥർക്കും ഈ വിവാദ നിർദേശം ബാധകമായിരുന്നു. ഒരാളോടു ജോലി ചെയ്യാൻ ആവശ്യപ്പെട്ട ശേഷം ശമ്പളം നൽകാതിരിക്കുന്നതു ഭരണഘടനയുടെ 23–ാം വകുപ്പിന്റെ ലംഘനമാണെന്നാണു കോടതി ഉത്തരവ്. വ്യക്തി സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമാണിത്തെന്നും ഇതിനെതിരെ ജീവനക്കാർ ആരോപിച്ചിരുന്നു. വിദ്യാഭ്യാസ സമ്പ്രദായത്തിലും പാഠ്യ പദ്ധതിയിലുമുള്ള ഹിന്ദുത്വയുടെ കടന്നുകയറ്റത്തിന് ശേഷം ഉദ്യോഗസ്ഥ വൃന്ദത്തിലും നിർബന്ധിത പരിഷ്കാരത്തിന് കേന്ദ്രസർക്കാർ ഒരുങ്ങുന്നുവെന്ന് ആക്ഷേപമാണ് ഉയരുന്നത്.

Related Articles

Back to top button