ചന്ദ്രബോസ് വധക്കേസ്: പ്രതി മുഹമ്മദ് നിഷാമിന് പരോൾ അനുവദിച്ച് ഹൈക്കോടതി

സെക്യൂരിറ്റി ജീവനക്കാരനായിരുന്ന ചന്ദ്രബോസിനെ വാഹനമിടിപ്പിച്ച് കൊന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുഹമ്മദ് നിഷാമിന് ഹൈക്കോടതി പരോൾ അനുവദിച്ചു. സംസ്ഥാന സർക്കാരിനോട് വ്യവസ്ഥകൾ നിശ്ചയിക്കാൻ കോടതി നിർദേശം നൽകി. സർക്കാർ വ്യവസ്ഥ നിശ്ചയിക്കുന്നത് മുതൽ 15 ദിവസത്തേക്കാണ് പരോൾ
2015ൽ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് കഴിയുകയാണ് നിഷാം. 2015 ജനുവരി 29ന് പുലർച്ചെ മൂന്ന് മണിയോടെയാണ് ക്രൂര കൊലപാതകം നടന്നത്. തൃശ്ശൂർ ശോഭാ സിറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ചന്ദ്രബോസ്
ശോഭാ സിറ്റിയിലെ താമസക്കാരനായ മുഹമ്മദ് നിഷാം എത്തിയപ്പോൾ ചന്ദ്രബോസ് വാഹനം തുറക്കാൻ വൈകിയെന്ന് ആരോപിച്ചായിരുന്നു കൊലപാതകം. ഭയന്നോടിയ ചന്ദ്രബോസിനെ വാഹനത്തിൽ പിന്തുടർന്ന് ഇടിച്ചു വീഴ്ത്തുകയായിരുന്നു. നിലത്തുവീണ് കിടന്ന ചന്ദ്രബോസിനെ എഴുന്നേൽപ്പിച്ച് പാർക്കിംഗ് ഏരിയയിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുകയും ചെയ്തു.
മർദനത്തിലും ആക്രമണത്തിലും ചന്ദ്രബോസിന്റെ നട്ടെല്ലും വാരിയെല്ലും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരുക്കേറ്റതിനാൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ഫെബ്രുവരി 16ന് ചന്ദ്രബോസ് മരിച്ചു.