എട്ടാം ക്ലാസ് വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ ദൃശ്യങ്ങൾ പുറത്ത്. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നത്. എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ കെട്ടിടത്തിന് മുകളിലേക്ക് കയറുന്നത് ദൃശ്യങ്ങളിൽ കാണാം. തെന്നി വീഴാൻ പോകുന്ന സമയത്ത് മിഥുൻ വൈദ്യുതി കമ്പിയിൽ പിടിക്കുന്നു. ഇങ്ങനെയാണ് ഷോക്കേൽക്കുന്നത്
കെട്ടിടത്തിന് മുകളിൽ പോയ ചെരുപ്പ് എടുക്കാൻ കയറിയതായിരുന്നു കുട്ടി. സ്കൂൾ കെട്ടിടത്തോട് ചേർന്ന് സൈക്കിൾ വൈക്കാനായി ഇരുമ്പ് ഷീറ്റ് പാകിയ ഷെഡ് നിർമിച്ചിരുന്നു. ഇതിന് മുകളിലേക്കാണ് ചെരിപ്പ് ഏതോ കുട്ടികൾ കളിക്കുന്നതിനിടെ വലിച്ചെറിഞ്ഞത്. ഇതെടുക്കാനായാണ് മിഥുൻ കയറിയത്
ഷോക്കേറ്റ മിഥുനെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അടിയന്തരമായി റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദേശിച്ചു.