World

ബോയിങ് വിമാനം വേണ്ടെന്ന് ചൈന; യുഎസുമായി വ്യാപാര യുദ്ധം മുറുകുന്നു

ബീജിങ്: യുഎസ് കമ്പനിയായ ബോയിങ്ങിൽ നിന്ന് ഓർഡർ ചെയ്ത വിമാനങ്ങളൊന്നും തത്കാലം സ്വീകരിക്കേണ്ടെന്ന് ചൈനീസ് എയർലൈൻ കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. ചൈനീസ് ഉത്പന്നങ്ങൾക്കു മേൽ യുഎസ് 145 ശതമാനം വരെ ചുങ്കം ചുമത്തിയതിനു പിന്നാലെയാണ് നടപടി.

യുഎസ് കമ്പനികളിൽനിന്ന് വിമാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങളോ സ്പെയർപാർട്സോ വാങ്ങരുതെന്നും ചൈന സർക്കാർ രാജ്യത്തെ എയർലൈനുകൾക്കു നിർദേശം നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

യുഎസിന്‍റെ താരിഫ് യുദ്ധത്തിനു മറുപടിയായി, യുഎസ് ഉത്പന്നങ്ങൾക്കു മേൽ ചൈന നേരത്തെ തന്നെ 125 ശതമാനം ഇറക്കുമതിച്ചുങ്കം പ്രഖ്യാപിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ യുഎസ് കമ്പനികൾ നിർമിച്ച വിമാനങ്ങളോ സ്പെയർ പാർട്സോ വാങ്ങാൻ ചൈനീസ് എയർലൈനുകൾ ഇരട്ടി വില നൽകേണ്ടി വരുന്ന സ്ഥിതിയാണുള്ളത്

ലോകത്തെ തന്നെ ഏറ്റവും വലിയ വിമാന വിപണികളിലൊന്നാണ് ചൈന. ഈ പശ്ചാത്തലത്തിൽ ബോയിങ്ങിന് ഉപരോധം ഏർപ്പെടുത്തുന്നത് യുഎസ് കമ്പനിയെ ഗുരുതരമായി ബാധിക്കും.

അടുത്ത 20 വർഷത്തേക്ക് ലോകത്ത് ആവശ്യം വരുന്ന ആകെ വിമാനങ്ങളിൽ 20 ശതമാനവും ചൈനയ്ക്കു വേണ്ടിയായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ബോയിങ് നിർമിച്ച വിമാനങ്ങളിൽ 25 ശതമാനവും 2018ൽ ചൈനയിലേക്കാണ് വിറ്റത്.

Related Articles

Back to top button
error: Content is protected !!