എച്ച്ഐവി ബാധിതരുടെ എണ്ണം വർധിച്ചതിൽ ആശങ്ക; നാളെ വളാഞ്ചേരിയില്‍ കൂടുതല്‍ പരിശോധന

മലപ്പുറം : ഒരേ സിറിഞ്ച് ഉപയോഗിച്ച് മയക്കുമരുന്ന് കുത്തിവെച്ചതിലൂടെ പത്ത് പേര്‍ക്ക് എച്ച്ഐവി ബാധിച്ച മലപ്പുറം വളാഞ്ചേരിയില്‍ കൂടുതല്‍ അന്വേഷണവും പരിശോധനയും. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നാളെ രക്തപരിശോധന ആരംഭിക്കും.
അതിഥി തൊഴിലാളികളുടെ രക്തമാണ് ആദ്യഘട്ടത്തില്‍ പരിശോധിക്കുക. അതേസമയം, എച്ച് ഐ വി സ്ഥിരീകരിച്ചവരില്‍ വളാഞ്ചേരി സ്വദേശി ഒരാള്‍ മാത്രമാണെന്നും ബാക്കിയുള്ളവര്‍ വിവിധ സ്ഥലങ്ങളില്‍ നിന്നായി മയക്കുമരുന്ന് ഉപയോഗത്തിന് ഇവിടെ എത്തിയവരാണെന്നും നഗരസഭാ ചെയമാന്‍ പറഞ്ഞു.
കേരള എയ്ഡ്‌സ് സൊസൈറ്റി നടത്തിയ സ്‌ക്രീനിംഗിലാണ് വളാഞ്ചേരിയില്‍ പത്ത് പേര്‍ക്ക് എച്ച് ഐ വി ബാധിച്ചതായി കണ്ടെത്തിയത്. ഇവരില്‍ മൂന്നുപേര്‍ ഇതര സംസ്ഥാന തൊഴിലാളികളാണ്. സ്‌ക്രീനിംഗിന്റെ ഭാഗമായി ഒരാള്‍ക്ക് എച്ച് ഐ വി സ്ഥിരീകരിച്ചതോടെയാണ് ഇയാള്‍ ഉള്‍പ്പെടുന്ന ലഹരി സംഘത്തിലേക്ക് അന്വേഷണം നീണ്ടത്.