വഖഫുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി
പരാതി നല്‍കിയത് കോണ്‍ഗ്രസ്
തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യംവെച്ച് വഖഫ് ബോര്‍ഡിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്.
മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് വയനാട് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കുമെന്നുമാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്.
വര്‍ഗീയ വിഷം ചീറ്റി അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും ഇതുവഴി തീവ്രവലതുപക്ഷ ചിന്താഗതിക്കാരുടെ വോട്ടുകള്‍ നേടാനുമാണ് സുരേഷ് ഗോപിയടക്കമുള്ള ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. വഖഫ് വിഷയത്തില്‍ സമാനമായ പരാമര്‍ശം ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും നടത്തിയിരുന്നു.
വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കില്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.