കർഷകർക്കെതിരായ വിവാദ പരാമർശം; കങ്കണ റണാവത്തിന് താക്കീതുമായി ബിജെപി
കർഷക പ്രക്ഷോഭത്തിനിടെ നിരവധി പേരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ കെട്ടിത്തൂക്കുകയും ബലാത്സംഗങ്ങൾ ചെയ്യുകയും ചെയ്തെന്ന എംപി കങ്കണ റണാവത്തിന്റെ പരാമർശത്തെ തള്ളി ബിജെപി. ബിജെപി നേതാവും എംപിയുമായ കങ്കണ റണാവത്തിന്റെ പരാമർശം പാർട്ടിയുടെ അഭിപ്രായമല്ല. കങ്കണയുടെ വാദത്തെ പാർട്ടി എതിർക്കുന്നുവെന്നുമായിരുന്നു ബിജെപിയുടെ പ്രതികരണം.
എംപിക്ക് പാർട്ടിയുടെ നയപരമായ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അനുവാദമോ അധികാരമോ ഇല്ലെന്നും ബിജെപി പറഞ്ഞു. സാമൂഹിക ഐക്യത്തിലും എല്ലാവർക്കുമൊപ്പം, എല്ലാവരുടെയും വളർച്ച, വികസനം എന്ന ആശയത്തിലൂന്നിയാണ് പാർട്ടിയുടെ പ്രവർത്തനമെന്നും പാർട്ടി വൃത്തങ്ങൾ കൂട്ടിച്ചേർത്തു. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് പരസ്യമായി ശാസിക്കുകയും ചെയ്തിട്ടുണ്ട്.
കർഷക സമര ശക്തി കേന്ദ്രമായ ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു മാസം മാത്രം ശേഷിക്കെയാണ് കങ്കണ കർഷക വിരുദ്ധ പരാമർശം നടത്തിയത്. ഹിമാചൽ പ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്ന് വിജയിച്ച് രാഷ്ട്രീയത്തിലേക്ക് രംഗപ്രവേശം ചെയ്ത കങ്കണ മുംബൈയിൽ നൽകിയ അഭിമുഖത്തിലാണ് വിവാദ പരാമർശം നടത്തിയത്.