ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ നിക്ഷേപം 4,000 കോടി; രണ്ട് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കാന്‍ യുഎഇ
ദുബൈ: ബഹിരാകാശ രംഗത്ത് രാജ്യത്തിന്റെ നിക്ഷേപം 4,000 കോടി ദിര്‍ഹത്തിലേക്ക് എത്തിനില്‍ക്കേ രണ്ട് ഉപഗ്രഹങ്ങള്‍കൂടി വിക്ഷേപിക്കാന്‍ യുഎഇ ഒരുങ്ങുന്നു. രണ്ടു മാസത്തിനകം രണ്ട് ഉപഗ്രഹങ്ങള്‍ നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നതെന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും സുപ്രിം സ്‌പേയ്‌സ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം വ്യക്തമാക്കി.
ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ശാസ്ത്രീയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ കെല്‍പ്പുള്ള മുന്തിയ വൈദഗ്ധ്യമുള്ള ആളുകളെ രാജ്യം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ആശയവിനിമയത്തിന് ഉതകുന്ന തുറയ-4 ഡിസംബര്‍ അവസാനത്തോടെയും ഗള്‍ഫ് മേഖലയുടെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കെല്‍പ്പുള്ള എംബിസെഡ് സാറ്റ് ഉപഗ്രഹം ജനുവരിയിലും യുഎഇ വിക്ഷേപിക്കും.
ചൊവ്വ, ചന്ദ്രന്‍, ഛിന്നഗ്രഹ വലയം എന്നിവയെ അടുത്തറിയാന്‍ സഹായിക്കുന്ന അഞ്ച് ദേശീയ പദ്ധതികള്‍ക്ക് യുഎഇ നേതൃത്വം നല്‍കുന്നുണ്ട്. ബഹിരാകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എണ്ണത്തില്‍ 29 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. മേഖലയില്‍ പൊതു-സ്വകാര്യ മേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുമെന്നും സ്‌പേയ്‌സ് കൗണ്‍സിലിന്റെ ആദ്യ യോഗത്തില്‍ അധ്യക്ഷനായ സംസാരിച്ച ശൈഖ് ഹംദാന്‍ പറഞ്ഞു.