കോടതി ഉത്തരവ് തന്റെ ഭാഗം കേൾക്കാതെ; രാജി വെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ
മല്ലപ്പള്ളിയിലെ വിവാദ പ്രസംഗത്തിൽ ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ രാജിവെക്കില്ലെന്ന് മന്ത്രി സജി ചെറിയാൻ. കോടതി ഉത്തരവ് അംഗീകരിക്കുന്നു. പക്ഷേ തന്റെ ഭാഗം കേൾക്കാതെയാണ് കോടതി ഉത്തരവിട്ടത്. അപ്പീൽ പോകുമെന്നും സജി ചെറിയാൻ പറഞ്ഞു
ഞാനുമായി ബന്ധപ്പെട്ട വിഷയമെന്ന നിലയിൽ എന്റെ ഭാഗം കൂടി നീതിയന്ന നിലയിൽ കേൾക്കണമായിരുന്നു. പോലീസ് അന്വേഷിച്ചാണ് റിപ്പോർട്ട് ഹൈക്കോടതിയിൽ നൽകിയത്. ആ റിപ്പോർട്ട് മാത്രമാണ് കോടതി പരിശോധിച്ചത്. പ്രസംഗത്തിന്റെ മറ്റ് ഉള്ളടക്കത്തിലേക്ക് കോടതി പോയിട്ടില്ലെന്ന് തോന്നുന്നു
വിഷയത്തിൽ അന്ന് ധാർമിക ഉത്തരവാദിത്തമേറ്റെടുത്ത് രാജിവെച്ചു. അതിന്റെ സമയം കഴിഞ്ഞു. ഒരു കോടതി ശരിയെന്നും മറ്റൊരു കോടതി തെറ്റെന്നും പറഞ്ഞു. ഇനി രാജിയില്ല. ഉത്തരവ് പരിശോധിച്ച് നിയമനടപടിയുമായി മേൽക്കോടതിയിൽ പോകുമെന്നും സജി ചെറിയാൻ പറഞ്ഞു.