National
ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ അക്രമി സംഘം വെടിവെച്ചു കൊന്നു

ഹൈദരാബാദിൽ സിപിഐ സംസ്ഥാന കൗൺസിൽ അംഗത്തെ വെടിവെച്ചു കൊന്നു. ചാന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ ഇന്ന് രാവിലെ ഏഴരയോടെയാണ് സംഭവം.
സ്വിഫ്റ്റ് കാറിലെത്തിയ അക്രമി സംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന നേതാക്കളിലൊരാളാണ് കൊല്ലപ്പെട്ട ചന്തു.
നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയാണ്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. രാഷ്ട്രീയ കൊലപാതകമെന്നാണ് സൂചന. സിപിഐഎംഎൽ പ്രവർത്തകനായ രാജേഷ് എന്നയാൾ അടുത്തിടെ ചന്തുവിനെതിരെ ഭീഷണി മുഴക്കിയിരുന്നതായി ഭാര്യ മൊഴി നൽകിയിട്ടുണ്ട്.