മൗദൂദിയെ തള്ളിയ ജമാഅത്തെ ഇസ്ലാമിയെ പൊളിച്ചെഴുതി കാന്തപുരം; സോഷ്യല്‍ മീഡിയയില്‍ തെറി വിളി
എസ് വൈ എസ് സംസ്ഥാന സമ്മേളനത്തിലെ പ്രസംഗം ചര്‍ച്ചയാകുന്നു
ജമാഅത്തെ ഇസ്ലാമിയുടെ സ്ഥാപകനും ഇന്ത്യയില്‍ മതരാഷ്ട്രവാദത്തിനായി ഉറച്ചു നില്‍ക്കുകയും ചെയ്ത മൗദൂദിയെ പൂര്‍ണമായും അംഗീകരിക്കുന്നില്ലെന്ന കേരളാ ജമാഅത്തെ ഇസ്ലാമിയുടെ അമീറിന്റെ പ്രസ്താവനയെ പൊളിച്ചെഴുതി കാന്തപുരം വിഭാഗം.
തൃശൂരില്‍ നടന്ന എസ് വൈ എസ് സംസ്ഥാന സമ്മേളനത്തില്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും മാളിയേക്കല്‍ സുലൈമാന്‍ സഖാഫിയുമടക്കം സമസ്ത നേതാക്കള്‍ രംഗത്തെത്തിയതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തുടക്കമായത്.
മൗദൂദിയെ തള്ളിയ ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാടിനെ പൊളിച്ചെഴുതുകയാണ് കാന്തപുരം വിഭാഗം. പൊതുബോധത്തിന്റെ ശ്രദ്ധ പിടിച്ചുകിട്ടാന്‍ ജമാഅത്തെ ഇസ്ലാമി നടത്തുന്ന പുതിയ അടവ് മാത്രമാണ് ഈ നിലപാട് മാറ്റമെന്നാണ് കാന്തപുരം വിഭാഗം വ്യക്തമാക്കുന്നത്.
മൗദൂദിയെ ജമാഅത്തെ ഇസ്ലാമി തള്ളിപ്പറഞ്ഞത് അടവുനയമാണെന്നും മൗദൂദിയെ മാധ്യമ പ്രവര്‍ത്തകര്‍ ചോദിക്കുമ്പോള്‍ തള്ളിപ്പറഞ്ഞതുകൊണ്ട് കാര്യമില്ലെന്നും കാന്തപുരം പറഞ്ഞു. മൗദൂദിയുടെ ആശയപ്രചാരണം നടത്തുന്ന പുസ്തകങ്ങള്‍ പിന്‍വലിക്കണം. തെറ്റുതിരുത്തിയെന്ന് പ്രഖ്യാപിച്ചാല്‍ കൂട്ടത്തില്‍ കൂട്ടാമെന്നും കാന്തപുരം അബൂബര്‍ മുസ്ലിയാര്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ മുസ്ലിങ്ങള്‍ അമുസ്ലിങ്ങളാണെന്ന് പ്രചരിപ്പിച്ചവരാണ് ജമാഅത്തെ ഇസ്ലാമി. മൗദൂദിയെ പിന്‍വലിക്കും എന്ന് പറയുമ്പോള്‍ പുസ്തകത്തിലുള്ളകാര്യങ്ങളെ പിന്‍വലിക്കേണ്ടേയെന്നും കാന്തപുരം ചോദിച്ചു.
റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മതരാഷ്ട്രവാദവും മൗദൂദിയന്‍ ആശയങ്ങളും ജമാഅത്തെ ഇസ്ലാമി അമീര്‍ പി മുജീബ് റഹ്‌മാന്‍ തള്ളിപ്പറഞ്ഞത്. ജമാഅത്തെ ഇസ്ലാമിയുടെ അടിസ്ഥാനം മൗദൂദിയല്ല എന്നായിരുന്നു അമീര്‍ പി മുജീബ് റഹ്‌മാന്‍ പറഞ്ഞത്.
അതേസമയം, കാന്തപുരത്തിന്റെ തൃശൂര്‍ പ്രസംഗം സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിപ്പിക്കുകയാണ് കാന്തപുരം വിഭാഗത്തിലെ പ്രവര്‍ത്തകര്‍. റിപോര്‍ട്ടര്‍ ടിവിയുടേതടക്കമുള്ള വാര്‍ത്തകളും ഇവര്‍ വ്യാപകമായി ഷെയര്‍ ചെയ്യുന്നുണ്ട്. എന്നാല്‍, ഇത്തരം വാര്‍ത്തകള്‍ക്കടിയില്‍ കാന്തപുരത്തിനും സമസ്തക്കുമെതിരെ വ്യക്തി ആക്ഷേപം വരെ നടത്തുകയാണ് ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകര്‍. കാന്തപുരത്തിന്റെ വിരോധികളായ മുസ്ലിം ലീഗ് പ്രവര്‍ത്തകരും തെറി വിളിയില്‍ മുന്നിലുണ്ട്.