എ പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സാധ്യത; ജില്ലാ കമ്മിറ്റി യോഗം നാളെ

സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്താത്തിനെ തുടർന്ന് പരസ്യപ്രതികരണം നടത്തിയ മുതിർന്ന നേതാവ് എ പത്മകുമാറിനെതിരെ നടപടി ചർച്ച ചെയ്യാൻ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി നാളെ ചേരും. സംസ്ഥാന നേതൃത്വത്തെ പോലും വെട്ടിലാക്കിയ പരസ്യപ്രതിഷേധത്തിൽ ശക്തമായ നടപടിയുണ്ടാകുമെന്നാണ് സൂചന. പത്മകുമാറിനെ കാണാൻ ഇന്നലെ രാത്രി ബിജെപി നേതാക്കൾ എത്തിയതിലും നേതൃത്വത്തിന് അതൃപ്തിയുണ്ട്
തന്നെ പരിഗണിക്കാതെ മന്ത്രി വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയതിലാണ് പത്മകുമാറിന്റെ വിരോധം. സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയ പത്മകുമാർ ഫേസ്ബുക്കിൽ പോസ്റ്റിടുകയും അച്ചടക്ക നടപടി ഭയക്കുന്നില്ലെന്ന് മാധ്യമങ്ങൾക്ക് മുന്നിൽ തുറന്നടിക്കുകയും ചെയ്തിരുന്നു
അതേസമയം സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ ചേരും. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള സംഘടനാ റിപ്പോർട്ട്, കരട് രാഷ്ട്രീയ പ്രമേയത്തിന് പാർട്ടി ഘടകങ്ങൾ നിർദേശിച്ച ഭേദഗതികൾ എന്നിവ പിബി ചർച്ച ചെയ്യും.