ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശന വിസകള്‍ക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമെന്ന് ദുബൈ എമിഗ്രേഷന്‍
ദുബൈ: എമിറേറ്റിലേക്ക് ടൂറിസ്റ്റ് വിസയും സന്ദര്‍ശന വിസയും ലഭിക്കാന്‍ ഇനി മുതല്‍ ഹോട്ടലില്‍ റൂം ബുക്ക്‌ചെയ്തതിന്റെ രേഖയും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കിയതായി ദുബൈ എമിഗ്രേഷന്‍ അറിയിച്ചു. വിസക്കായി അപേക്ഷിക്കുമ്പോള്‍ ക്യൂആര്‍ കോഡുള്ള ഹോട്ടല്‍ ബുക്കിങ്ങിന്റെ രേഖയും തിരിച്ചുപോകാനുള്ള വിമാന ടിക്കറ്റിന്റെ പകര്‍പ്പും സമര്‍പ്പിക്കണമെന്നാണ് ദുബൈ എമിഗ്രേഷന്‍ ട്രാവല്‍ ഏജന്‍സികള്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഒരു മാസത്തെ വിസക്കായി അപേക്ഷിക്കുന്നവരുടെ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളില്‍ 3,000 ദിര്‍ഹത്തിന് സമാനമായ തുകയും രണ്ടു മാസത്തെ വിസക്ക് അപേക്ഷിക്കുന്നവരുടെ കാര്‍ഡില്‍ 5,000 ദിര്‍ഹത്തിന് തുല്യമായ തുകയും ഉണ്ടായിരിക്കണം. അതേ സമയം യുഎഇയില്‍കഴിയുന്ന വ്യക്തി സ്വന്തം കുടുംബത്തിനായി സന്ദര്‍ശക വിസക്ക് അപേക്ഷിക്കുമ്പോള്‍ ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും സമര്‍പ്പിക്കേണ്ടതുണ്ടോയെന്ന കാര്യത്തില്‍ വ്യക്തതവരേണ്ടതുണ്ട്.
ടൂറിസ്റ്റ് വിസക്കായി രാവിലെ അപേക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ റിട്ടേണ്‍ ടിക്കറ്റ് രേഖകള്‍ അപ്‌ലോഡ് ചെയ്യാന്‍ എമിഗ്രേഷന്‍ സൈറ്റില്‍ ആവശ്യപ്പെട്ടതായി ദുബൈയിലെ വിവിധ ട്രാവല്‍ ഏജന്‍സികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കി. രേഖകള്‍ സമര്‍പ്പിക്കാത്ത ഒട്ടേറെ വിസാ അപേക്ഷകള്‍ പ്രോസസിങ് പൂര്‍ത്തിയാവാതെ കിടക്കുന്ന സ്ഥിതിയാണെന്നും ഇവര്‍ പറയുന്നു.