ദുബൈ-റിയാദ് സെക്ടര്‍; ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ ഡെസ്റ്റിനേഷന്‍
റിയാദ്: ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെ ഡെസ്റ്റിനേഷന്‍ പദവി ദുബൈ-റിയാദ് സെക്ടറിന്. ലോകത്തിലെ ആദ്യ 10 ഡെസ്റ്റിനേഷനുകള്‍ നിര്‍ണയിക്കുന്ന യുകെ ആസ്ഥാനമായുള്ള ഒഎജിയുടെ പട്ടികയിലാണ് ഈ നേട്ടം. 2024ല്‍ 43.06 ലക്ഷം സീറ്റുകളാണ് ഈ റൂട്ടില്‍ ഉണ്ടായിരുന്നത്. രാജ്യാന്തര യാത്രാ ഡാറ്റ ദാതാക്കളാണ് ഒഎജി. 68 ലക്ഷം സീറ്റുകളുമായി ഹോങ്കോങ്-തായ്‌പെയ് സെക്ടറാണ് ലോകത്ത് ഒന്നാമത്. 55 ലക്ഷം സീറ്റുകളുമായി കെയ്‌റോ-ജിദ്ദ സെക്ടര്‍ രണ്ടാമതുമുള്ള പട്ടികയിലാണ് ആറാം സ്ഥാനം.
ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ 10ല്‍ ഏഴ് റൂട്ടുകളും ഏഷ്യയിലാണെന്ന് ദുബൈ രാജ്യാന്തര വിമാനത്താവള സിഇഒ പോള്‍ ഗ്രിഫ്ത്സ് വ്യക്തമാക്കി. ഗുണമേന്മയുള്ള സ്മാര്‍ട്ട് സേവനങ്ങളും മികച്ച ആതിഥേയത്വ അനുഭവങ്ങളുമാണ് ദുബൈയെയും റിയാദിനെയും നേട്ടത്തിലേക്ക് എത്തിച്ചിരിക്കുന്നത്. വിനോദസഞ്ചാര രംഗത്ത് കുതിച്ചോടുന്ന ഇരു രാജ്യങ്ങളിലേക്കും സന്ദര്‍ശകരുടെ ഒഴുക്കാണിപ്പോഴെന്നും അദ്ദേഹം പറഞ്ഞു.