വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തെരച്ചിലിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ 4 ലക്ഷം രൂപ കണ്ടെത്തി
വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ നടത്തിയ തെരച്ചിലിൽ ലക്ഷക്കണക്കിന് രൂപ കണ്ടെത്തി. നാല് ലക്ഷം രൂപയാണ് ഫയർഫോഴ്‌സ് കണ്ടെത്തിയത്. വെള്ളാർമല സ്‌കൂളിന് പിന്നിൽ നടത്തിയ തെരച്ചിലിലാണ് പണം ലഭിച്ചത്. അഞ്ഞൂറ് രൂപയുടെ ഏഴും നൂറ് രൂപയുടെ അഞ്ചും കെട്ടുകളായിട്ടാണ് പണം സൂക്ഷിച്ചിരുന്നത്
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു പണം. ഇത് റവന്യു വകുപ്പിന് കൈമാറും. അതേസമയം ദുരന്തത്തിൽ പെട്ടവരുടെ ആശ്രിതർക്ക് ആനുകൂല്യം കാലതാമസം കൂടാതെ ലഭിക്കുന്നതിന് നടപടിക്രമങ്ങളിൽ ഇളവ് വരുത്തി സർക്കാർ ഉത്തരവിറക്കി. ഉരുൾപൊട്ടലിൽ മരിച്ചവരുടെ ആശ്രിതർക്ക് അർഹമായ എക്‌സ്‌ഗ്രേഷ്യ അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും ലഭിക്കുന്നതിനാണിത്.
കൊവിഡ് ദുരന്തത്തിലെ ആശ്രിതർക്ക് നൽകിയതിന് സമാനമായി അടുത്ത ബന്ധുവിനെ അനന്തരവാകാശിയായി കണക്കാക്കി ആനുകൂല്യം നൽകുന്നതിന് ദുരന്തനിവാരണ ആക്ടിലെ 19ാം വകുപ്പ് പ്രകാരം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കുള്ള അധികാരം ഉപയോഗിച്ചാണ് ഉത്തരവിറക്കിയത്.