Gulf

ഈദ് അല്‍ ഇത്തിഹാദ്: സാംസ്‌കാരിക പരിപാടികള്‍, കരിമരുന്ന് പ്രയോഗം, ഡ്രോണ്‍ ഷോ… ഇത്തവണ ആഗോളഗ്രാമം കൂടുതല്‍ കളറാവും

ദുബൈ: 53ാമത് ദേശീയ ദിനാഘോഷം കെങ്കേമമാക്കാന്‍ യുഎഇ അരയുംതലയും മുറുക്കി രംഗത്തെത്തിയിരിക്കേ തങ്ങളും ഒട്ടും കുറക്കില്ലെന്ന സന്ദേശം നല്‍കി ദുബൈ ആഗോളഗ്രാമം. നവംബര്‍ 25 മുതല്‍ ഡിസംബര്‍ നാലുവരെയുള്ള യുഎഇ ദേശീയ ദിനാഘോഷമായ ഈദ് അല്‍ ഇത്തിഹാദ് ദിനങ്ങളില്‍ സാംസ്‌കാരിക പരിപാടികള്‍, പ്രകടനങ്ങള്‍, കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങള്‍, ഡ്രോണ്‍ ഷോകള്‍, ഡൈനിങ് അനുഭവങ്ങള്‍, ഷോപ്പിങ് അവസരങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികളാണ് ആഗോള ഗ്രാമത്തില്‍ നടക്കുക.

യുഎഇ എന്ന കൊച്ചുരാജ്യത്തിന്റെ ഐക്യവും അഭിമാനവും ഉള്‍ച്ചേര്‍ന്ന പരിപാടികളാണ് സന്ദര്‍ശകരെ വിന്നൂട്ടാന്‍ ആഗോളഗ്രാമം സജ്ജമാക്കുന്നത്. ആകര്‍ഷകമായ ദീപാലങ്കാരങ്ങളും ലൈറ്റിങ് ഡിസ്‌പ്ലേകളും കൊണ്ട് സന്ദര്‍ശകരെ വിസ്മയിപ്പിക്കും. അതിന്റെ ഗേറ്റുകളും ലാന്‍ഡ്മാര്‍ക്കുകളും യുഎഇ പതാകയുടെ നിറങ്ങളില്‍ പ്രകാശിപ്പിക്കും. ഈ കലാപരമായ അന്തരീക്ഷം മുന്‍പൊരിക്കലും ഇല്ലാത്ത വിധത്തില്‍ അവിസ്മരണീയമായ ആഘോഷത്തിന് വേദിയൊരുക്കുകയും യൂണിയന്റെ ആത്മാവിനെ ജീവസുറ്റതാക്കുന്നതുമായിരിക്കും.

യുഎഇ പതാകയുടെ നിറങ്ങള്‍ പ്രതിഫലിപ്പിക്കുന്ന കരിമരുന്ന് പ്രയോഗം നവംബര്‍ 29 മുതല്‍ ഡിസംബര്‍ മൂന്നുവരെ, രാത്രി ഒന്‍പതു മണിക്ക് ഗ്ലോബല്‍ വില്ലേജിന്റെ ആകാശത്തെ പ്രകാശ പൂരിതമാക്കും. ഡിസംബര്‍ രണ്ടിന്, സന്ദര്‍ശകരെ വിസ്മയകരമായ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പ്രത്യേക ഡ്രോണ്‍ പ്രദര്‍ശനവും ഒരുക്കുന്നതിനൊപ്പം ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പാര്‍ക്കിന്റെ പ്രധാന വേദിയില്‍ അവതരിപ്പിക്കുന്ന ‘ഹവാ ഇമാറാത്തി’ എന്ന ഗംഭീരമായ തിയേറ്ററാണ് ആഘോഷങ്ങളുടെ പ്രധാന ഹൈലൈറ്റുകളിലൊന്നായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നാല്‍പതില്‍പരം കലാകാരന്മാരെ അണിനിരത്തിയാണ് 1971ല്‍ യുഎഇയുടെ രൂപീകരണത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമറാത്തി കല്യാണം ചിത്രീകരിക്കുന്ന ഈ ദൃശ്യാവിഷ്‌ക്കാരം, ഒന്‍പത് അതിമനോഹരമായ രംഗങ്ങളിലൂടെ പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകും. ദിവസവും രാത്രി 7:05 നും 9:40നും രണ്ടുതവണ ഇതിന്റെ പ്രദര്‍ശനം നടക്കുമെന്നും ആഗോളഗ്രാമത്തിലെ പരിപാടികളുടെ സംഘാടകര്‍ അറിയിച്ചു.

Related Articles

Back to top button