Kerala
റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിൽ വന്ന വാഹനം ഇടിച്ചു; വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം കിളിമാനൂർ-ആറ്റിങ്ങൽ റോഡിൽ ചെമ്മരത്തുമുക്കിൽ അമിത വേഗതയിൽ വന്ന വാഹനമിടിച്ച് വയോധികൻ മരിച്ചു. കേശവപുരം ബി ജി നിവാസിൽ ഭാസ്‌കരനാണ്(72) മരിച്ചത്. തൊഴിലുറപ്പ് തൊഴിലാളിയാണ്.
ജോലി കഴിഞ്ഞ് കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ചെമ്മരത്തുമുക്കിലെത്തി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിൽ വന്ന സ്വകാര്യ ബാങ്കിന്റെ വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് എതിർ ദിശയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഓട്ടോറിക്ഷകളെ ഇടിച്ച ശേഷമാണ് വാഹനം നിന്നത്.
ഓടിക്കൂടിയ ഓട്ടോ തൊഴിലാളികളും നാട്ടുകാരും ചേർന്ന് ഭാസ്‌കരനെ കേശവപുരം സിഎച്ച്‌സിയിൽ എത്തിച്ചു. ഇവിടെ നിന്നും പാരിപ്പിള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു.