കൊല്ലത്ത് ഷോക്കേറ്റ് മരിച്ച വിദ്യാർഥിയുടെ കുടുംബത്തന് ആദ്യഘട്ടത്തിൽ 5 ലക്ഷം ധനസഹായം പ്രഖ്യാപിച്ച് വൈദ്യുതി മന്ത്രി

കൊല്ലം തേവലക്കരയിൽ സ്‌കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർഥി മിഥുന്റെ കുടുംബത്തിന് ആദ്യ ഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. വൈദ്യുതി ബോര്‍ഡിന്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്‌കൂൾ അധികൃതരുടെ ഭാഗത്തും വീഴ്ചയുണ്ടായെന്ന് മന്ത്രി പറഞ്ഞു
കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കും. 15 ദിവസത്തിനുള്ളിൽ വിശദ റിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറും നൽകണം ലൈൻ താഴ്ന്ന് കിടന്നത് കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും മന്ത്രി പറഞ്ഞു
സംഭവം അതീവ ദുഃഖകരമാണെന്നും വീട്ടിലെ മകൻ നഷ്ടമായ പോലെയാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു. താനും കൊല്ലത്തേക്ക് ഉടൻ പോകും. സ്‌കൂൾ പരിസരത്ത് കൂടി വൈദ്യുതി ലൈൻ പോകുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് നിർദേശിച്ചിരുന്നു. ഇതൊന്നും സ്‌കൂൾ അധികൃതർ അറിഞ്ഞില്ലേയെന്നും മന്ത്രി ചോദിച്ചു. അനാസ്ഥ കണ്ടാൽ ഒരു വിട്ടു വീഴ്ചയുമുണ്ടാകില്ലെന്നും മന്ത്രി പറഞ്ഞു