Kerala

എമ്പുരാൻ വിവാ​ദം കത്തുന്നു; മോഹൻലാൽ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ല: രാമസിംഹന്‍

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രമാണ് എമ്പുരാൻ. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തീയറ്ററുകളിൽ എത്തിയത്. ആദ്യ ദിനം തന്നെ മികച്ച പ്രതികരണമാണ് ചിത്രത്തിനു ലഭിച്ചത്. എന്നാൽ സിനിമ​ഗ്രൂപ്പുകളിൽ വലിയ രീതിയിലുള്ള ചർച്ചയ്ക്കാണ് വഴിവച്ചത്. സിനിമയിലെ പ്രമേയത്തില്‍ കടന്നുവരുന്ന സംഘപരിവാര്‍ വിമര്‍ശനമാണ് ചർച്ചയ്ക്ക് കാരണം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് സിനിമ സംസാരിക്കുന്നുണ്ടെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കം.

ഇതിനു പിന്നാലെ നിരവധി പേർ എമ്പുരാനെതിരെ ക്യാമ്പയിനിനും തുടക്കം കുറിച്ച് എത്തിയിരുന്നു. ഇപ്പോഴിതാ നടൻ മോഹൻലാലിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി പ്രവർത്തകനും സംവിധായകനുമായ രാമസിംഹന്‍. മോഹന്‍ലാല്‍ സൈന്യത്തില്‍ തുടരാന്‍ ഇനി അര്‍ഹനല്ലെന്നാണ് രാമസിംഹന്‍ പറയുന്നത്. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

https://www.facebook.com/share/p/18b5CrV8Dz/

അതേസമയം പൃഥ്വിരാജിനെതിരെയും സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തുന്നുണ്ട്. മട്ടാഞ്ചേരി മാഫിയയുടെ ആളാണ് പൃഥ്വിരാജെന്നും ജിഹാദിയാണെന്നുമാണ് പൃഥ്വിരാജിനെക്കുറിച്ചുള്ള ആരോപണം. എന്നാൽ എമ്പുരാന്‍ എന്ന ചിത്രത്തിനെതിരെ തങ്ങള്‍ ഒരു കാമ്പയിനിനും തുടക്കം കുറിച്ചിട്ടില്ലെന്ന് പറഞ്ഞ് ബിജെപി രം​ഗത്ത് എത്തിയിരുന്നു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. സുധീറാണ് ഇക്കാര്യം വ്യക്തമാക്കിയത്. എമ്പുരാനെതിരെ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രതികരണങ്ങള്‍ മാത്രമാണെന്നാണ് സുധീർ പറയുന്നത്.

പാർട്ടിയെ ഒരിക്കലും സിനിമ ബാധിക്കില്ലെന്നും അതിനാല്‍ തന്നെ എമ്പുരാനെതിരെ കാമ്പയിന്‍ ബിജെപി ആരംഭിച്ചിട്ടില്ലെന്നും ഇദ്ദേ​ഹം പറഞ്ഞു. സിനിമ എന്താണെന്ന് അത് കാണുന്ന പ്രേക്ഷകര്‍ തീരുമാനിക്കട്ടെ, പാര്‍ട്ടി പാര്‍ട്ടിയുടെ വഴിക്ക് പോകുമെന്നും സുധീര്‍ പറഞ്ഞു. പ്രേക്ഷകര്‍ സിനിമ വിലയിരുത്തുന്നതില്‍ പാര്‍ട്ടിക്ക് ഒന്നും ചെയ്യാനില്ല. കഴിഞ്ഞ ദിവസം ബിജെപി നേതാവ് എംടി രമേശും വിവാദങ്ങളോട് പ്രതികരിച്ച് രം​​ഗത്ത് എത്തിയിരുന്നു. സിനിമയെ സിനിമയായി കാണണം. അതിനുള്ള സാമാന്യബുദ്ധി കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്. സംഘപരിവാറിനെതിരെ എത്രയോ സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്? സിനിമയെ ആശ്രയിച്ചാണോ ഈ രാജ്യത്ത് സംഘപരിവാര്‍ പ്രവര്‍ത്തിക്കുന്നത്- എം.ടി രമേശ് ചോദിച്ചു.

Related Articles

Back to top button
error: Content is protected !!