ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷം വർധിക്കുന്നത് നാണക്കേട്; വേഗം അവസാനിപ്പിക്കണമെന്ന് ട്രംപ്

ഏപ്രിൽ 22ൽ കശ്മീരിലെ പഹൽഗാമിൽ നടന്ന ആക്രമണത്തിന് ശേഷം ഇന്ത്യ-പാകിസ്ഥാൻ സംഘർഷം വർധിക്കുന്നത് നാണക്കേടാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സംഘർഷം വളരെ വേഗം അവസാനിക്കുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും പ്രതികരിച്ചിരുന്നു. എക്‌സ് പോസ്റ്റിലൂടെയായിരുന്നു മാർക്കോ റൂബിയോയുടെ പ്രതികരണം.
ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ത്യയുടെ സൈനിക നടപടികളെക്കുറിച്ച് മാർക്കോ റൂബിയോയെ അറിയിച്ചതായി യുഎസ് ഇന്ത്യൻ എംബസി അറിയിച്ചു. ഏപ്രിൽ 22-ന് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് ശേഷം ട്രംപ് ഉൾപ്പെടെയുള്ള യുഎസ് നേതാക്കൾ ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.