കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾക്ക് പോലും പാണക്കാട് തങ്ങളോട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതി: കെ സുരേന്ദ്രൻ
കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾക്ക് പോലും പാണക്കാട് തങ്ങളെ കണ്ട് അനുഗ്രഹം വാങ്ങേണ്ട സ്ഥിതിയെന്ന് പരിഹസിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഈ നില എങ്ങനെ ഉണ്ടായി എന്നും എന്ത് കൊണ്ട് ഈ ആളുകൾ മറ്റ് മത നേതാക്കളെ കാണുന്നില്ലെന്നും അദ്ദേഹം ചോദിച്ചു. പാണക്കാട് തങ്ങൾ മാത്രമാണോ കേരളത്തിൽ ആത്മീയ ആചാര്യൻ. മറ്റു മത നേതാക്കളെ പരിഗണിക്കേണ്ടേ എന്നാണോ നിലപാട്.
വിഡി സതീശനും സംഘവും കേരളത്തെ എങ്ങോട്ടാണ് നയിക്കുന്നത്. പോപ്പുലർ ഫ്രണ്ടും പാണക്കാട് തങ്ങളും മാത്രം മതിയോ തെരഞ്ഞെടുപ്പ് ജയിക്കാനെന്നും സുരേന്ദ്രൻ ചോദിച്ചു. മത തീവ്രവാദ ശക്തികൾക്കും ലീഗിനും കോൺഗ്രസ് എത്രമാത്രം അടിമപ്പെട്ടു എന്നതിന്റെ തെളിവാണ് ഇത്.
ചില കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നത് അദ്ദേഹം ഘടക കക്ഷിയുടെ നേതാവായാണ് പോയിക്കണ്ടത് എന്നാണ്. പി ജെ ജോസഫ് ഘടക കക്ഷി നേതാവല്ലേ. അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം തേടാൻ എന്തുകൊണ്ട് കോൺഗ്രസിൽ ചേരുന്ന പ്രാദേശിക നേതാക്കൾ തയാറാവുന്നില്ല. ഇത്രയധികം തരംതാഴുന്ന നിലയിലേക്ക് കോൺഗ്രസ് നേതൃത്വം എത്തിയത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.