ട്രംപിനെ പേടി; ലൈംഗികതയിലേര്‍പ്പെടില്ലെന്നും ഡേറ്റിംഗിന് പോകില്ലെന്നും പ്രഖ്യാപിച്ച് യുവതികള്‍ തെരുവില്‍
തെരുവില്‍ വ്യത്യസ്ത പ്രതിഷേധം
വാഷിംഗ്ടണ്‍: സ്ത്രീ സുരക്ഷക്ക് ഡൊണാള്‍ഡ് ട്രംപ് ഭീഷണിയാണെന്നും ട്രംപ് ഔദ്യോഗികമായി സ്ഥാനമേല്‍ക്കുന്നതോടെ ലൈംഗികതയില്‍ ഏര്‍പ്പെടില്ലെന്നും, ഡേറ്റിംഗിന് പോകില്ലെന്നും, വിവാഹത്തിന് അനുമതി നല്‍കില്ലെന്നും, കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കില്ല എന്നും വ്യക്തമാക്കി അമേരിക്കയില്‍ സ്ത്രീകള്‍ രംഗത്ത്.
ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റാല്‍ ഗര്‍ഭഛിദ്ര നിയമങ്ങളിലും സ്ത്രീകളുടെ സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങളിലും മാറ്റം വരുമെന്ന ഭയത്തില്‍ പ്രതിഷേധിച്ചാണ് സ്ത്രീകള്‍ സമരം ആരംഭിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ ട്രംപ് വിജയിച്ചാല്‍ സ്ത്രീകള്‍ക്കെതിരായിട്ടുള്ള നിരവധി നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയും വൈസ് പ്രസിഡന്റുമായ കമല ഹാരിസ് പ്രചാരണ വേളയില്‍ പറഞ്ഞിരുന്നു. ട്രംപ് അധികാരത്തില്‍ വന്നാല്‍ ഗര്‍ഭഛിദ്രം പൂര്‍ണമായും തടയുമെന്നും സ്ത്രീകളുടെ സുരക്ഷയില്‍ നിയന്ത്രണം കൊണ്ടുവരുമെന്നും കമല പറഞ്ഞു. കൂടാതെ സ്ത്രീകള്‍ക്കെതിരായി ട്രംപ് അടിക്കടി അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതും കടുത്ത വിമര്‍ശനങ്ങള്‍ക്ക് കാരണമായി. ഈ ആരോപണം ഉയര്‍ത്തിയാണ് ഇപ്പോള്‍ സ്ത്രീകളുടെ പ്രതിഷേധം.