കണ്ണൂരിൽ വാഹനാപകടത്തിൽ മരിച്ച നാടക അഭിനേത്രികളുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ചു
കണ്ണൂർ, കേളകത്ത് നാടകസംഘം സഞ്ചരിച്ച മിനി ബസ് അപകടത്തിൽപ്പെട്ട് മരിച്ച രണ്ട് പേരുടെ കുടുംബങ്ങൾക്ക് അടിയന്തര ധനസഹായമെന്ന നിലയിൽ സാംസ്‌കാരിക ക്ഷേമനിധി ബോർഡ് 25000 രൂപ വീതം കൈമാറും. അപകടത്തിൽ മരിച്ച കായംകുളം മുതുകുളം സ്വദേശി അഞ്ജലി, കരുനാഗപ്പള്ളി തേവലക്കര സ്വദേശിനി ജെസി മോഹൻ എന്നിവരുടെ കുടുംബങ്ങൾക്കാണ് അടിയന്തിര സഹായം നൽകുക. പരുക്കേറ്റ് ചികിത്സയിൽ കഴിയുന്നവരുടെ ചികിത്സാ ചെലവുകൾ സാംസ്‌കാരികവകുപ്പ് ഏറ്റെടുക്കുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു.
രണ്ട് അഭിനേത്രികൾ മരണപ്പെട്ട സംഭവം ഏറെ വേദനാജനകമാണെന്ന് മന്ത്രി അനുശോചിച്ചു. മരണപ്പെട്ടവരുടെ ഭൗതികശരീരം കൊണ്ടുപോകുവാനും ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്യപ്പെടുന്നവർക്കുമായുള്ള ആംബുലൻസ് സൗകര്യങ്ങൾ ഏർപ്പെടുത്താൻ കേരള സംഗീത നാടക അക്കാദമിയോട് നിർദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കൂടുതൽ സഹായങ്ങൾ നൽകുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കായംകുളം ദേവ കമ്മ്യൂണിക്കേഷൻസ് നാടക സംഘത്തിലെ 14 പേരാണ് അപകട സമയത്ത് മിനി ബസിൽ ഉണ്ടായിരുന്നത്. വനിതാ മെസ്സ് എന്ന പേരിലുള്ള നാടകം അവതരിപ്പിച്ച് രാത്രിയിൽ കണ്ണൂർ, കടന്നപ്പള്ളിയിൽ നിന്ന് വയനാട് ബത്തേരിയിലേക്ക് പോകും വഴി പുലർച്ചെയായിരുന്നു അപകടം.