ചേർത്തലയിൽ അഞ്ച് വയസുകാരന് നേർക്ക് ക്രൂര മർദനം; അമ്മയ്ക്കും അമ്മൂമ്മക്കുമെതിരെ കേസ്

ആലപ്പുഴ ചേർത്തലയിൽ അഞ്ച് വയസുകാരനായ യുകെജി വിദ്യാർഥിയെ മർദിച്ച് പരുക്കേൽപ്പിച്ച അമ്മയ്ക്കും അമ്മൂമ്മക്കുമെതിരെ പോലീസ് കേസെടുത്തു. മർദനത്തിൽ കുട്ടിയുടെ മുഖത്തും കഴുത്തിനും മുറിവേറ്റ നിലയിലാണ്.
ഇന്നലെ കോടതി കവലക്ക് സമീപമുള്ള ചായക്കടയിൽ കുട്ടി ഇരിക്കുന്നത് സ്‌കൂൾ പിടിഎ അംഗമായ ദിനൂപ് കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. മുറിവ് എങ്ങനെ ഉണ്ടായെന്ന് ദിനൂപ് ചോദിച്ചപ്പോഴാണ് കുട്ടി മർദനത്തിന്റെ കാര്യം പറയുന്നത്.
അമ്മ ശശികലയുടെ മർദനത്തിൽ മുഖത്ത് മുറിവേറ്റു. കഴുത്ത് ഞെരിച്ചത് അമ്മൂമ്മയാണെന്നാണ് കുട്ടി പറയുന്നത്. കഴുത്തിലും മുറിവുകളുണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചൈൽഡ് ലൈൻ പോലീസിന് റിപ്പോർട്ട് നൽകി. ഇന്നലെ രാത്രിയോടെ കുട്ടിയെ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
കുട്ടിയെ ചായക്കടയിൽ ഇരുത്തിയ ശേഷം ശശികല ലോട്ടറി വിൽപ്പനക്കായി പോകുമായിരുന്നു. ഇങ്ങനെയാണ് ചായക്കടയിൽ ഇരുന്ന കുട്ടിയെ ദിനൂപ് ശ്രദ്ധിച്ചത്.