നാല് ഐഎഎസ് ഉദ്യോഗസ്ഥർ സർക്കാരിന്റെ ഔദ്യോഗിക വക്താക്കളാകും; അസാധാരണ നീക്കവുമായി സ്റ്റാലിൻ

സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അറിയിപ്പുകളും ജനങ്ങളിലേക്ക് വേഗത്തിൽ എത്തിക്കുന്നതിനായി അസാധാരണ നടപടിയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. നാല് മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥരെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സ്റ്റാലിന്റെ അസാധാരണ നീക്കം
ജെ രാധാകൃഷ്ണൻ, ഗഗൻദീപ് സിംഗ് ബേദി, പി അമുദ, ധീരജ് കുമാർ എന്നിവരാണ് ഔദ്യോഗിക വക്താക്കൾ. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും പ്രധാന അറിയിപ്പുകളും ഈ നാല് ഉദ്യോഗസ്ഥരെ അറിയിക്കാൻ എല്ലാ വകുപ്പ് സെക്രട്ടറിമാരോടും നിർദേശിച്ചിട്ടുണ്ട്. ഈ നാല് പേർ മാധ്യമങ്ങളെ കണ്ട് വിവരങ്ങൾ കൈമാറണം
സർക്കാർ പ്രവർത്തനങ്ങളിൽ കൂടുതൽ വേഗതയും സുതാര്യതയും ഉറപ്പാക്കുകയാണ് ലക്ഷ്യം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് കാര്യക്ഷമമായി എത്തിക്കാൻ ഇത് സഹായിക്കുമെന്നാണ് സ്റ്റാലിൻ കരുതുന്നത്.