വട്ടിപ്പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ സംസ്‌കാരം ഇന്ന്

എറണാകുളം കോട്ടുവള്ളിയിൽ വട്ടിപ്പലിശക്കാരിയായ അയൽവാസിയിൽ നിന്നുണ്ടായ ഭീഷണിയെ തുടർന്ന് പുഴയിൽ ചാടി ആത്മഹത്യ ചെയ്ത വീട്ടമ്മയുടെ പോസ്റ്റ്‌മോർട്ടം ഇന്ന്. രാവിലെ പറവൂർ താലൂക്ക് ആശുപത്രിയിലാണ് ആശ ബെന്നിയുടെ പോസ്റ്റ്‌മോർട്ടം നടക്കുക.
ഇന്നലെ ഉച്ചയോടെയാണ് ആശ ബെന്നി(42) വീടിന് സമീപത്തെ പുഴയിൽ ചാടി ജീവനൊടുക്കിയത്. പോലീസിൽ പരാതി നൽകിയിട്ടും നീതി കിട്ടിയില്ലെന്ന് ആശയുടെ ഭർത്താവ് പറയുന്നു. അയൽവാസിയായ ബിന്ദു അമിത പലിശ ഈടാക്കുകയും വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സൂചിപ്പിക്കുന്ന കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു.
കടം വാങ്ങിയ പത്ത് ലക്ഷം രൂപക്ക് പകരമായി 30 ലക്ഷത്തോളം രൂപ നൽകിയിട്ടും വീണ്ടും പണം ആവശ്യപ്പെട്ട് ബിന്ദുവും ഭർത്താവും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായ പ്രദീപും ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. പോലീസിൽ പരാതിപ്പെട്ടതിന് പിന്നാലെ പലിശക്കാർ രാത്രി വീട്ടിലെത്തി വീണ്ടും ഭീഷണി മുഴക്കിയിരുന്നു. ഇതിൽ മനംനൊന്താണ് ആത്മഹത്യ. ഇന്ന് വൈകിട്ടാണ് ആശയുടെ സംസ്‌കാരം തീരുമാനിച്ചിരിക്കുന്നത്.