ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഓസ്ട്രേലിയ 89ന് ഡിക്ലയർ ചെയ്തു, ഇന്ത്യക്ക് 275 റൺസ് വിജയലക്ഷ്യം
ഗാബ ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. രണ്ടാമിന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ട ഓസ്ട്രേലിയ 89ന് റൺസിന് ഇന്നിംഗ്സ് ഡിക്ലയർ ചെയ്തു. ഇതോടെ ഇന്ത്യക്ക് മുന്നിൽ വെച്ചത്. 275 റൺസ് വിജയലക്ഷ്യം. അവസാന ദിനമായ ഇന്ന് ഇന്ത്യയുടെ ഒന്നാമിന്നിംഗ്സ് 260 റൺസിന് അവസാനിച്ചിരുന്നു. 185 റൺസിന്റെ ലീഡുമായി രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഓസ്ട്രേലിയൻ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നതാണ് കണ്ടത്
33 റൺസെടുക്കുന്നതിനിടെ ഓസീസിന് 5 വിക്കറ്റുകൾ നഷ്ടമായി. ട്രാവിസ് ഹെഡ് നടത്തിയ ചെറുത്തുനിൽപ്പ് ഓസീസ് ഇന്നിംഗ്സ് 60 വരെ എത്തിച്ചു. 17 റൺസെടുത്ത ഹെഡ് പുറത്തായ ശേഷം അലക്സ് ക്യാരിയും പാറ്റ് കമ്മിൻസും ചേർന്ന് സ്കോർ പതിയെ ഉയർത്തിയെങ്കിലും സ്കോർ 85ൽ 22 റൺസെടുത്ത കമ്മിൻസ് പുറത്തായി. തൊട്ടുപിന്നാലെ ഓസ്ട്രേലിയ ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു
അലക്സ് ക്യാരി 19 റൺസെടുത്തു. നഥാൻ മക്സീനി 4 റൺസിനും ഉസ്മാൻ ഖവാജ എട്ട് റൺസിനും ലാബുഷെയ്ൻ ഒരു റൺസെടുത്തും പുറത്തായി. മിച്ചൽ മാർഷ് രണ്ട്, സ്റ്റീവ് സ്മിത്ത് നാല് റൺസിനും പുറത്തായി. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവർ രണ്ട് വീതം വിക്കറ്റുകൾ സ്വന്തമാക്കി
275 റൺസ് വിജയലക്ഷ്യത്തിലേക്ക് രണ്ടാമിന്നിംഗ്സ് ആരംഭിച്ച ഇന്ത്യ വെളിച്ചക്കുറവിനെ തുടർന്ന് കളി നിർത്തിവെക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ എട്ട് റൺസ് എന്ന നിലയിലാണ്. നാല് റൺസുമായി ജയ്സ്വാളും നാല് റൺസുമായി കെഎൽ രാഹുലുമാണ് ക്രീസിൽ. വിജയലക്ഷ്യത്തിലേക്ക് എത്താൻ ഇന്ത്യക്ക് ഇനിയും 267 റൺസ് കൂടി വേണം. ഇന്ന് അവശേഷിക്കുന്നത് 51.5 ഓവർ മാത്രമാണ്. മഴ സാധ്യത നിലനിൽക്കുന്നതിനാൽ ഇന്ത്യയുടെ വിജയം അസാധ്യമാണ്. എങ്കിലും സമനില പിടിക്കാനാകും ഇന്ത്യയുടെ ശ്രമം