ഗാസ: യുഎഇ 80 കോടി ഡോളര്‍ സഹായം നല്‍കും

അബുദാബി: ഇസ്രായേലി ആക്രമണത്തില്‍ തകര്‍ന്ന ഗാസക്ക് 80 കോടി ഡോളറിന്റെ ധനസഹായം കൂടി നല്‍കുമെന്ന് യുഎഇ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേലിനും ഹമാസിനും ഇടയില്‍ യുദ്ധം ആരംഭിച്ചത് മുതല്‍ ഗാസയിലേക്ക് എത്തിയ രാജ്യാന്തര സഹായത്തില്‍ 42 ശതമാനവും നല്‍കിയത് യുഎഇയാണ്. ഇതുവരെ 82.8 കോടി ഡോളറിന്റെ സഹായമാണ് യുഎഇ ഗാസക്കായി എത്തിച്ചതെന്ന് ജര്‍മന്‍ പ്രസ് ഏജന്‍സി(ഡിപിഎ) വ്യക്തമാക്കിയിരുന്നു.
ഗാസക്കായി ആദ്യം സഹായവുമായി എത്തിയ രാജ്യമായിരുന്നു യുഎഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ നേതൃത്വത്തിന് കീഴില്‍ ഗാലന്റ് നൈറ്റ് ഓപറേഷന്‍ എന്ന പേരിലായിരുന്നു കര, കടല്‍, വായു മാര്‍ഗങ്ങളിലൂടെ യുഎഇ സഹായം എത്തിച്ചത്. ഈ ആഴ്ച ഒരു ബാച്ച് ആംബുലന്‍സുകളാണ് ഗാസയിലേക്ക് അയക്കുന്നത്.
കഴിഞ്ഞ മാസം നാലു എയ്ഡ് കണ്‍വോയികള്‍ ഗാസയിലേക്ക് അയച്ചിരുന്നു. 41 ലോറികളിലായി 514 മെട്രിക് ടണ്‍ വസ്തുക്കളാണ് അയച്ചത്. ഭക്ഷണം, മരുന്ന്, കുട്ടികള്‍ക്കുള്ള പോഷകാഹാര സപ്ലിമെന്റുകള്‍, വസ്ത്രം, ഷെല്‍ട്ടര്‍ മെറ്റീരിയലുകള്‍, സാനിറ്ററി പാഡുകള്‍ തുടങ്ങിയവയാണ് അയച്ചതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം വെളിപ്പെടുത്തിയിരുന്നു.