Kerala

മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണം; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്ന് മുനീർ

മുനമ്പം വിഷയത്തിൽ സർക്കാർ മുൻകൈ എടുക്കണമെന്ന് മുസ്ലിം ലീഗ് നേതാവ് ഡോ എം കെ മുനീർ. സമുദായങ്ങൾ തമ്മിൽ അകലുന്ന സാഹചര്യമാണ് ഇപ്പോൾ പല മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിഷയത്തിൽ സമാധാനപരമായ രീതിയിലുള്ള പരിഹാരം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നവരാണ് മുസ്ലിം സംഘടനകൾ മുഴുവൻ. സർക്കാർ ഇടപെട്ട് മുനമ്പം വിഷയം രൂക്ഷമായ ഒരു സാമുദായിക പ്രശ്‌നമായി മാറാതെ നോക്കേണ്ടതുണ്ട്.

വഖഫ് ബോർഡ് സർക്കാരിന്റെ കീഴിൽ വരുന്ന ഒരു സ്ഥാപനമാണ്. കുടുംബങ്ങളെ കുടിയൊഴിപ്പിക്കണമെന്ന് ഒരു സംഘടനയും ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല. മുനമ്പം വിഷയം ബിജെപി രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുകയാണ്. ഇടത് സർക്കാർ എന്തുകൊണ്ടാണ് പരിഹാരം കണ്ടെത്താൻ വൈകുന്നതെന്ന് മനസിലാവുന്നില്ല. എത്രയും വേഗം പരിഹാരം ഉണ്ടാകേണ്ട വിഷയമാണിതെന്ന കാര്യത്തിൽ ഒരു സംശയവും ഇല്ലെന്നും എം കെ മുനീർ വ്യക്തമാക്കി.

മുനമ്പത്ത് താമസിക്കുന്നവരെ വേദനിപ്പിക്കണമെന്ന് മുസ്ലിം സംഘടനകൾ ആഗ്രഹിക്കുമോ. അങ്ങിനെയുള്ളൊരു നാടല്ല കേരളം. ക്രൈസ്തവരായാലും മുസ്ലിങ്ങളായാലും സംയമനം പാലിക്കണം, നമ്മൾ എല്ലാവരും ഒന്നാണ്, ന്യായമായ ആലോചനകളാണ് വിഷയത്തിൽ ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

Related Articles

Back to top button